സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിന് മാതാപിതാക്കളെ ആയുധമാക്കരുത്

സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിന് മാതാപിതാക്കളെ ആയുധമാക്കരുത്

കൊച്ചി: മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതവും സമാധാനപരവും മാന്യവുമായി ജീവിക്കുന്നതിന് ആവശ്യമെങ്കില്‍ , മക്കളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ആക്‌ട് പ്രകാരം ജില്ലാ കളക്‌ടര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതീവ ജാഗ്രതയോടെ മാത്രമേ ഇൗ വ്യവസ്ഥ നടപ്പാക്കാവൂ.. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിന് ഇത് ആയുധമാക്കരുതെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

തനിക്കു മാന്യവും സമാധാനപരവുമായി ജീവിക്കാന്‍ വീടിന്റെ മുകളിലെ നിലയില്‍ താമസിക്കുന്ന മകനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ 80 കാരന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്..മുകളിലെ നിലയില്‍ നിന്ന് മകനെ ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു നേരത്തേ എറണാകുളം ജില്ലാ കളക്ടറുടെ തീര്‍പ്പ്.മാസം തോറും മകന്‍ പരാതിക്കാരന് 5000 രൂപ ചെലവിനു നല്‍കാനും കഴിഞ്ഞ മാര്‍ച്ച്‌ 12 ലെ ഉത്തരവില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.


ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ആക്‌ട് പ്രകാരം തന്നെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിയില്ലെന്ന മകന്റെ വാദം തള്ളിയ ഹൈക്കോടതി, കളക്ടറുടെ ഉത്തരവ് റദ്ദാക്കി.കക്ഷികളെ വീണ്ടും കേട്ട് വിഷയം പുന:പരിശോധിച്ച്‌ തീര്‍പ്പു കല്പിക്കാനും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.