ഐഎഫ്‌എഫ്‌കെ: 20 പേര്‍ക്ക് കോവിഡ്; വൈറസ് ബാധ കണ്ടെത്തിയത് 1500 പേരെ പരിശോധിച്ചപ്പോള്‍; ബുധനാഴ്ച കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലിഗേറ്റുകള്‍ക്ക് കോവിഡ് പരിശോധന

ഐഎഫ്‌എഫ്‌കെ: 20 പേര്‍ക്ക് കോവിഡ്; വൈറസ് ബാധ കണ്ടെത്തിയത് 1500 പേരെ പരിശോധിച്ചപ്പോള്‍; ബുധനാഴ്ച കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലിഗേറ്റുകള്‍ക്ക് കോവിഡ് പരിശോധന

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങും. മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടാഗോര്‍ തിയേറ്ററില്‍ നടത്തിയ പരിശോധനയിലാണ് 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.

നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലിഗേറ്റുകള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും. അതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകള്‍ സ്വന്തം നിലയില്‍ പരിശോധന നടത്തേണ്ടി വരും.

രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ടാഗോര്‍ തിയേറ്റര്‍ നാലു കൗണ്ടറുകളിലായാണ് ടെസ്റ്റ് നടത്തുന്നത്. അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര താരം മധുപാല്‍, ഗായകന്‍ ജാസി ഗിഫ്റ്റ് ,ടി വി ചന്ദ്രന്‍ തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും കോവിഡ് ടെസ്റ്റിന് വിധേയരായി . അഡീഷണല്‍ ഡിഎം ഒ ഡോ. ജോസഫ് ഡിക്രൂസിന്റെ നേതൃത്വത്തിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികള്‍ക്കും ടാഗോര്‍ തിയേറ്ററിലെ കൗണ്ടറില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ് . മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടെസ്റ്റിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ . ഡോ. ലക്ഷ്മി. ഡോ.പൊന്നി, ഡോ. ചിത്ര എന്നിവരും ആരോഗ്യവകുപ്പിന്റെ സംഘത്തിലുണ്ട് . ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്. നാല് നഗരങ്ങളിലായി പല ഘട്ടങ്ങളിലായാണ് ഇക്കുറി ചലച്ചിത്രമേള. 2500 പേര്‍ക്കാണ് തിരുവനന്തപുരത്ത് ആകെ പ്രവേശനം അനുവദിക്കുന്നത്. വിവിധ തീയേറ്ററുകളിലായി ഇതുവരെ 2116 സീറ്റുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിലെ പകുതി സീറ്റില്‍ മാത്രമാണ് പ്രവേശനം. മുന്‍കൂട്ടി റിസര്‍വ് ചെയ്തായിരിക്കും പ്രവേശനം. സീറ്റ് നമ്ബര്‍ അനുസരിച്ചാവും ഡെലിഗേറ്റുകളെ ഇരുത്തുക. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി തുടങ്ങിയ തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക