സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് ഇല്ല

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് ഇല്ല

കൊച്ചി : സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന്‌ ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു.ഇതോടെ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലായി. മാര്‍ച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സാധ്യത കുറവാണ്. ഒരു തരത്തിലും തിയേറ്റര്‍ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.

പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന 'കള', 'ടോള്‍ ഫ്രീ', 'അജഗജാന്തരം', 'ആര്‍ക്കറിയാം' തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചത്. അതിനു മുമ്ബ്‌ എത്തേണ്ട 'മരട്', 'വര്‍ത്തമാനം' എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചു. അടുത്തയാഴ്ച എത്തേണ്ട മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റും' റിലീസ് നീട്ടാനുള്ള ആലോചനയിലാണ്.

സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും പൂട്ടുമെന്ന നിലയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്.

കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ സര്‍ക്കാര്‍, സിനിമയോടു മാത്രം പ്രത്യേക നയം സ്വീകരിക്കുന്നത് ശരിയല്ല. ബാറുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ രാത്രി വരെ പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു തടസ്സവും കൊണ്ടുവന്നിട്ടില്ല, ഇവര്‍ പറയുന്നു.

തീവണ്ടിയിലും ബസിലുമൊക്കെ രാത്രി ദീര്‍ഘദൂര യാത്ര ചെയ്യുന്നതിലും തടസ്സങ്ങളില്ല. എന്നാല്‍, രാത്രി ഒമ്ബതു മണിക്കു ശേഷം തിയേറ്ററുകള്‍ തുറന്നാല്‍ മാത്രം കൊറോണ വരുമെന്ന മട്ടിലാണ് അധികൃതരുടെ നിലപാടുകളെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.