ഓണത്തിനായി ഇത്തവണ ഖജനാവില്‍ നിന്ന് ചെലവാക്കിയത് 15,000 കോടി രൂപ, കടമെടുത്തത് 4,000 കോടി

ഓണത്തിനായി ഇത്തവണ ഖജനാവില്‍ നിന്ന് ചെലവാക്കിയത് 15,000 കോടി രൂപ, കടമെടുത്തത് 4,000 കോടി

തിരുവനന്തപുരം: ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇത്തവണ ചെലവായത് 15,000 കോടി രൂപയാണ്. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവയായിരുന്നു പ്രധാന ചെലവുകള്‍. ഇതിനു പുറമേ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കി. ഓണത്തിന് ചെലവഴിക്കാന്‍ പണം തികയാതെ വന്നതോടെ 4,000 കോടി രൂപ റിസര്‍വ് ബാങ്ക് വഴി കടമെടുത്താണ് സര്‍ക്കാര്‍ പിടിച്ചുനിന്നത്. ഒരു വശത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ ചെലവു വര്‍ധിക്കുകയും മറുവശത്ത് വരുമാനം കുറയുകയും ചെയ്യുന്നതിനാല്‍ വരും നാളുകളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നിയന്ത്രണം വേണ്ട അവസ്ഥയാണിപ്പോള്‍. ഇതില്‍ കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണമായിരുന്നു ഏറ്റവും വിവാദമായത്. ഇക്കുറി ശമ്പളമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വിവാദമായി. ഒടുവില്‍ ഉന്നതതല യോഗത്തിന് ശേഷം ശമ്പളവും കുടിശ്ശികയും കൊടുത്ത് തീര്‍ക്കാന്‍
തീരുമാനമായി. ശമ്പള വിതരണത്തിന് മാത്രമായി 100 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എല്ലാ മാസവും 5 ന് മുന്‍പ് ശമ്പളം ലഭ്യമാക്കുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി.