ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു; 17കാരന് കൂട്ടുകാരുടെ ക്രൂരമര്‍ദനം

ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു; 17കാരന് കൂട്ടുകാരുടെ ക്രൂരമര്‍ദനം

കളമശ്ശേരി : ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച്‌ കളമശേരിയില്‍ പതിനേഴുകാരന് ക്രൂര മര്‍ദനം. സുഹൃത്തുക്കളായ 4 പേരെ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദനമേറ്റ കുട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു എന്നാരോപിച്ചായിരുന്നു 17കാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചത്. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതും മെറ്റലില്‍ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാന്‍ ആകാത്ത നിലയിലാണ്.

മര്‍ദനമേറ്റ കുട്ടിക്കും മര്‍ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പിന്നീട് വിട്ടയച്ചു.