ഒടുവില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പച്ചക്കൊടി ബീനാച്ചി എസ്റ്റേറ്റ് കേരളത്തിന്

ഒടുവില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പച്ചക്കൊടി ബീനാച്ചി എസ്റ്റേറ്റ് കേരളത്തിന്

സുല്‍ത്താന്‍ ബത്തേരി: മധ്യപ്രദേശ് സര്‍ക്കാരിന്റെ അധീനതയിലുള്ള സുല്‍ത്താന്‍ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റ് ഇനി കേരളത്തിന് സ്വന്തം. 534 ഏക്കര്‍ എസ്റ്റേറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ സന്ദേശം ഇന്നലെ ഇവിടെ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ്. വയനാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഈ ഭൂമി സഹായകമാവും.
നേരത്തെ ബ്രീട്ടിഷ് പൗരന്റെ കൈവശത്തിലായിരുന്നു ഈ എസ്റ്റേറ്റ്. അദ്ദേഹത്തിന്റെ കാലശേഷം, ഒപ്പമുണ്ടായിരുന്ന മീനാക്ഷിയ്ക്കായി വസ്തുവകകളുടെ അവകാശം. ഇവരില്‍ നിന്നാണ് മധ്യപ്രദേശിലെ രാജകുടുബം ഭൂമി വാങ്ങിയത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, രാജാക്കന്മാരുടെ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന ബില്‍ പാസ്സാക്കിയതോടെയാണ് ബീനാച്ചി എസ്റ്റേറ്റ് മധ്യപ്രദേശ് സര്‍ക്കാരിന്റെ അധീനതയിലായത്.

ഈ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമം നടത്തിയെങ്കിലും സ്വത്തുക്കള്‍ കൈമാറുന്നതിലെ നിയമപ്രശ്‌നങ്ങള്‍ തടസ്സമാവുകയായിരുന്നു. 534 ഏക്കര്‍ ഭൂമിയില്‍ 302 ഏക്കര്‍ ഭൂമി മാത്രമാണ് എസ്റ്റേറ്റ് ഭൂമിയായുള്ളത് .ഇതിനോട് ചേര്‍ന്നുള്ള 170 ഏക്കര്‍ അധിക വനഭൂമിയാണ്. 62 ഏക്കര്‍ കയ്യേറ്റ ഭൂമിയും. കേരളത്തിന്റെ വനം, റവന്യു, സര്‍വേ വകുപ്പുകളും മധ്യപ്രദേശിന്റെ ധനകാര്യ, വനം, സര്‍വേ വകുപ്പുകളും സംയുക്തമായാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്.
നിക്ഷിപ്ത വനഭൂമി പിടിച്ചെടുക്കല്‍ നിയമം (2001) അനുസരിച്ച്‌ ബീനാച്ചി എസ്‌റ്റേറ്റിലെ വനഭൂമി പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടതായിരുന്നു. എന്നാല്‍ തുടര്‍നടപടികളുമായി കേരളം മുന്നോട്ടു പോയില്ല. അതിനിടെ, ഒരു ഘട്ടത്തില്‍ ഭൂമി അളക്കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മുതിര്‍ന്നെങ്കിലും റവന്യു വകുപ്പും വനം വകുപ്പും എതിര്‍ത്തതിനാല്‍ നടന്നില്ല. പിന്നീട് വനഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം എസ്റ്റേറ്റുകാര്‍ തടഞ്ഞതോടെ ഫലിച്ചില്ല.ഉറവ വറ്റാത്ത നീര്‍ച്ചാലുകളും അപൂര്‍വയിനം സസ്യജാലങ്ങളും അടങ്ങിയതാണ് എസ്റ്റേറ്റ് ഭൂമി. ആന ഒഴികെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യവുമുണ്ട്. 2000-ത്തില്‍ ഇവിടെ നിന്ന് കരിമ്ബുലി ഉള്‍പ്പെടെ മൂന്ന് പുലികളെയാണ് വനം വകുപ്പ് കൂടുവെച്ച്‌ പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്ബ് രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് കടുവകളെ ഇവിടെ കണ്ടെത്തിയിരുന്നു.

പ്ലാന്റേഷന്‍, വനം, കുടിയേറ്റ കര്‍ഷകരുടെ ഭൂമി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തരം തിരിച്ചാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നത് അറുപതോളം കുടിയേറ്റ കര്‍ഷകരാണ്. എസ്റ്റേറ്റിന്റെ പേരില്‍ ഭൂമിയും ഒന്നിച്ച്‌ കൈവശം വെച്ചുപോന്നെങ്കിലും 110 ഏക്കറിനാണ് എസ്റ്റേറ്റ് നടത്തിപ്പുകാര്‍ പ്ലാന്റേഷന്‍ ടാക്‌സ് അടച്ചുകൊണ്ടിരുന്നത്. സര്‍വേ പ്രകാരം തത്വത്തില്‍ അംഗീകരിച്ച അധികഭൂമി കേരള സര്‍ക്കാരിന് ഉപയോഗപ്പെടുത്താമായിരുന്നെങ്കിലും ഇതുവരെ അതിന് തുനിഞ്ഞിരുന്നില്ല. വയനാട് മെഡിക്കല്‍ കോളേജിനായി ഈ ഭൂമിയ്ക്ക് ശ്രമിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നത് ഇതിനിടെയാണ്.