പ്രൊമോഷന്‍ തസ്തികകള്‍ വേഗത്തിലാക്കുക; ആശ്രിത നിയമനം 5% ആയി നിജപ്പെടുത്തുക; റാങ്ക് പട്ടിക നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പി എസ് സി റാങ്കല് ലിസ്റ്റിലുള്ളവര്‍ പ്രതിഷേധത്തില്‍; സെക്രട്ടറിയേറ്റിന് മുമ്ബില്‍ ജോലിക്കായി നിരവധി സമരങ്ങള്‍

പ്രൊമോഷന്‍ തസ്തികകള്‍ വേഗത്തിലാക്കുക; ആശ്രിത നിയമനം 5% ആയി നിജപ്പെടുത്തുക; റാങ്ക് പട്ടിക നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പി എസ് സി റാങ്കല് ലിസ്റ്റിലുള്ളവര്‍ പ്രതിഷേധത്തില്‍; സെക്രട്ടറിയേറ്റിന് മുമ്ബില്‍ ജോലിക്കായി നിരവധി സമരങ്ങള്‍

തിരുവനന്തപുരം: താല്‍കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികളുമായി മുമ്ബോട്ട് പോകുമ്ബോള്‍ പ്രതിഷേധം ശക്തമാക്കി പി എസ് സി പരീക്ഷ എഴുതി ജോലിക്കായി കാത്തു നില്‍ക്കുന്നവര്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ രാപകല്‍ സമരവും അനിശ്ചിതകാല സമരവും ശക്തമായി തുടരുന്നു.

ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവര്‍ (വേരിയസ് ഗ്രേഡ് 2) റാങ്ക് ഹോള്‍ഡേഴ്‌സ് സംസ്ഥാന കമ്മിറ്റി 13 ദിവസമായി നടത്തുന്ന രാപകല്‍ സമരത്തെക്കൂടാതെ എല്‍ഡിസി റാങ്ക് പട്ടികയിലുള്ളവരും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് പട്ടികയിലുള്ളവരും അനിശ്ചിതകാല സമരത്തിലാണ്. കൂടുതല്‍ പേര്‍ സമരത്തിന് എത്തും. ഫെഡറേഷേന്‍ ഓഫ് വേരിയസ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണു സമരം.

റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം ആദ്യ വാരം അവസാനിക്കുമെന്നിരിക്കെ 6 മാസം കൂടിയെങ്കിലും ഇതു നീട്ടണമെന്ന് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിജോ ജോസ് ആവശ്യപ്പെട്ടു. പ്രൊമോഷന്‍ തസ്തികകള്‍ വേഗത്തിലാക്കുക, ആശ്രിത നിയമനം 5% ആയി നിജപ്പെടുത്തുക, റാങ്ക് പട്ടിക നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ ജില്ലകളിലെ എല്‍ഡിസി റാങ്ക് ലിസ്റ്റിലുള്ളവര്‍ 20 മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

സര്‍വകലാശാല നിയമനങ്ങള്‍ നിലവിലെ എല്‍ജിഎസ് പട്ടികയില്‍ നിന്നു നടത്തണമെന്നാവശ്യപ്പെട്ടു വിവിധ ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് റാങ്ക് ലിസ്റ്റിലുള്ളവര്‍ 26 നാണു സമരം തുടങ്ങിയത്. ആദ്യ ദിവസം റോഡില്‍ ശയന പ്രദക്ഷിണം നടത്തി. അസിസ്റ്റന്റ് സെയില്‍സ്മാന്‍ സപ്ലൈകോ റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ നാളെ സൂചനാ സമരം നടത്തും. ഫോറസ്റ്റ് വാച്ചര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും വരും ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തും.