ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ആര്‍മിയുടെ പേരും; ഹോട്ടലുകളെ ലക്ഷ്യമിട്ട് നടത്തുന്ന പുതിയ തട്ടിപ്പ് ഇങ്ങനെ
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ പണം തട്ടാന്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ആര്‍മിയുടെ പേരും. തിരുവനന്തപുരത്തെ ചേങ്കോട്ടുകോണത്തെയും ശ്രീകാര്യത്തെയും ഹോട്ടലുകളിലാണ് പട്ടാള ക്യാമ്ബിലേക്ക് എന്ന പേരില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി പണം തട്ടിപ്പിനുള്ള ശ്രമം നടന്നത്. ഹോട്ടലുടമക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പുതിയ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ചേങ്കോട്ടുകോണത്തെ ഫുഡ് ഫാക്ടറി ഹോട്ടലില്‍ കഴിഞ്ഞ ദിവസം അജ്ഞാതന്‍ ഫോണില്‍ വിളിച്ച് ആര്‍മിയിലേക്കാണെന്ന് പറഞ്ഞ് ഭക്ഷണം ഓര്‍ഡര്‍ നല്‍കുകയായിരുന്നു. തുക അക്കൗണ്ടിലേക്ക് നല്‍കാന്‍ ഹോട്ടല്‍ ഉടമയുടെ എ.ടി.എം കാര്‍ഡിന്റെ ചിത്രം വാട്സാപ്പില്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിശ്വാസം വരുത്താനായി വിളിച്ചയാള്‍ ആര്‍മി ഉദ്യോഗസ്ഥന്റെ ഫോട്ടോ ഉള്‍പ്പെടുന്ന ഐ.ഡി കാര്‍ഡിന്റെയും അയാളുടെ എസ്.ബി.ഐ എ.ടി.എം കാര്‍ഡിന്റെ ചിത്രവും ഹോട്ടല്‍ മാനേജര്‍ക്ക് അയച്ചുകൊടുത്തു.
ഇതിനിടെ ആര്‍മി ക്യാമ്ബില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് മനസിലായി. ഇതോടെ ചേങ്കോട്ടുകോണത്തെ ഹോട്ടല്‍ മാനേജര്‍, ഹോട്ടലിലെ ജീവനക്കാരന്റെ പണമില്ലാത്ത അക്കൗണ്ടിന്റെ എ.ടി.എം കാര്‍ഡിന്റെ ചിത്രങ്ങള്‍ ഓര്‍ഡര്‍ നല്‍കിയ ആളിന് അയച്ചുകൊടുത്തു.എന്നാല്‍ ഈ അക്കൗണ്ടില്‍ പണമയക്കാന്‍ കഴിയുന്നില്ലെന്നും മറ്റൊരു അക്കൗണ്ട് നമ്ബര്‍ നല്‍കാനും അജ്ഞാതന്‍ ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്ന് മനസിലാക്കിയ ഹോട്ടല്‍ മാനേജര്‍ പിന്മാറുകയായിരുന്നു.
ശ്രീകാര്യത്തെ ഹോട്ടലിലും സമാന രീതിയിലാണ് തട്ടിപ്പ് നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ഓര്‍ഡര്‍ നല്‍കിയത് ആസാമില്‍ നിന്നാണെന്ന് മനസിലാക്കി. ഇതരസംസ്ഥാനത്തു നടക്കുന്ന കുറ്റകൃത്യമായതിനാല്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.
ഹോം ഡെലിവെറിയും ഓണ്‍ലൈന്‍ ഡെലിവറിയും നടത്തുന്ന ഹോട്ടലുകളാണ് പുതിയ തട്ടിപ്പ് സംഘത്തിന്റെ ഇരകള്‍. ഹോട്ടലുകളില്‍ ഫോണില്‍ വിളിച്ച് കൂടുതല്‍ പേര്‍ക്കുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ബില്‍ തുക അക്കൗണ്ടില്‍ നല്‍കാമെന്ന് പറഞ്ഞ് കടയുടമകളെ കബളിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നതാണ് പുതിയ രീതി.
Comments (0)