വിവാദ അദാലത്തിന് പിന്നാലെയുള്ള ജില്ലാ അദാലത്ത്; വനിതാ കമ്മീഷന്‍ അധ്യക്ഷ എത്തിയില്ല

വിവാദ അദാലത്തിന് പിന്നാലെയുള്ള ജില്ലാ അദാലത്ത്; വനിതാ കമ്മീഷന്‍ അധ്യക്ഷ എത്തിയില്ല

അടൂര്‍: പത്തനംതിട്ടയില്‍ 87 വയസ്സുള്ള കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയെ അധിക്ഷേപിച്ചെന്ന സംഭവം വിവാദമായതിനു പിന്നാലെ നടന്ന ജില്ലാ അദാലത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പങ്കെടുത്തില്ല. ജോസഫൈനു പകരം ജില്ലയുടെ ചുമതലയുള്ള കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. പരാതിക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയും അദാലത്തിനെത്തിയില്ല.

അധ്യക്ഷ എത്തുമെന്നറിഞ്ഞ് സംരക്ഷണം നല്‍കുന്നതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് പൊലീസും നിലയുറപ്പിച്ചിരുന്നു. വീട്ടില്‍ കയറി അയല്‍വാസി ലക്ഷ്മിക്കുട്ടിയമ്മയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ച്‌ വനിതാ കമ്മിഷനു നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ബന്ധു വിളിച്ചപ്പോഴാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ ലക്ഷ്മിക്കുട്ടിയമ്മയെ അധിക്ഷേപിച്ച സംഭവമുണ്ടായത്. പരാതി ഇന്നലെ നടന്ന അദാലത്തില്‍ പരിഗണിച്ചെങ്കിലും ആരും എത്താതിരുന്നതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

ലക്ഷ്മികുട്ടിയമ്മയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലുള്ളതായതിനാല്‍ വനിതാ കമ്മിഷനു പരിഹരിക്കാന്‍ പറ്റുന്നതല്ലെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.