കാലംതെറ്റിയ മഴയില്‍ മുങ്ങി കാര്‍ഷികവിളകള്‍

കാലംതെറ്റിയ മഴയില്‍ മുങ്ങി കാര്‍ഷികവിളകള്‍

തിരുവനന്തപുരം : ലാ നിനയും മാഡന്‍ - ജൂലിയന്‍ ഓസിലേഷനും തകര്‍ക്കുന്നത്‌ കേരളത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങളെ. കാര്‍ഷികവിളകളെ ദേഷകരമായി ബാധിക്കുന്ന അപൂര്‍വ പ്രതിഭാസത്തിലൂടെയാണ്‌ സംസ്‌ഥാനം കടന്നുപോകുന്നത്‌. ജനുവരിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള മഴയ്‌ക്കാണു സംസ്‌ഥാനം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്‌.
പസഫിക്‌ സമുദ്രത്തില്‍ നിലവിലുള്ള ലാ നിന സാഹചര്യത്തിനൊപ്പം ആഗോള കാലാവസ്‌ഥാ പ്രതിഭാസമായ മാഡന്‍ - ജൂലിയന്‍ ഓസിലേഷന്‍ അനുകൂലമായി വന്നതാണ്‌ ജനുവരിയിലെ പതിവുതെറ്റിയ മഴയ്‌ക്ക്‌ കാരണം. കനത്ത മഞ്ഞും കടുത്ത പകല്‍ച്ചൂടിനും പുറമേ മഴകുടി ശക്‌തിയായതോടെ കാര്‍ഷിക വിളനാശത്തിനു സംസ്‌ഥാനം സാക്ഷ്യം വഹിക്കുമോയെന്ന ആശങ്കയിലാണു സര്‍ക്കാര്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവുമധികം മഴ കിട്ടിയ ജനുവരി മാസമാണിത്‌. 2020-ല്‍ സംസ്‌ഥാനത്ത്‌ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചെങ്കിലും കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ മഴ പെയ്‌തിരുന്നില്ല. ഇക്കുറി ഡിസംബര്‍ 31ന്‌ തുലാവര്‍ഷം പിന്‍വാങ്ങിയത്‌ 26 ശതമാനം മഴക്കുറവോണെയാണ്‌. വേനല്‍മഴ ഇതു പരിഹരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കാലാവസ്‌ഥ നിരീക്ഷണ വിഭാഗം. എന്നാല്‍ കണക്കുകൂട്ടലിനു വിപരീതമായി ജനുവരി ആദ്യവാരം തന്നെ സംസ്‌ഥാനത്ത്‌ മഴയെത്തി. എന്നാല്‍ ഇത്‌ കാര്‍ഷിക കലണ്ടറിന്റെ താളം തെറ്റിച്ചു.
വടക്കന്‍ കേരളത്തിലടക്കം നെല്‍കൃഷിയും മറ്റുവിളകളും വ്യാപകമായി നശിച്ചു. കൊയ്യാന്‍ തയാറായിനിന്ന പാടങ്ങളിലേക്കാണ്‌ മഴ പെയ്‌തിറങ്ങിയത്‌. ഇത്‌ നെല്‍ക്കതിരുകള്‍ നശിക്കാന്‍ കാരണമായി. വാഴക്കൃഷിയേയും മാവ്‌, കശുവണ്ടികൃഷി എന്നിവയേയും സാരമായി ബാധിച്ചു. റബര്‍ ഉല്‍പാദനത്തേയും മഴ ബാധിക്കും. മഴ തുടര്‍ന്നാല്‍ സംസ്‌ഥാനത്ത്‌ വിള ഉത്‌പാദനത്തില്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന്‌ കൃഷി വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ജനുവരി മാസത്തില്‍ ശരാശരി കിട്ടേണ്ടത്‌ എട്ടു മില്ലീമീറ്റര്‍ മഴ മാത്രമാണ്‌. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തിനിടെ പെയ്‌തത്‌ 88.6 മി.മി.മഴയാണ്‌. ബുധനാഴ്‌ച വരെ സാമാന്യം ഭേദപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയും കല്‍പ്പിച്ചിട്ടുണ്ട്‌. അറബിക്കടലിലും തമിഴ്‌നാട്‌ തീരത്തും രൂപം കൊണ്ട ചക്രവാളച്ചുഴിയും പല ജില്ലകളിലും അസാധാരണ മഴക്ക്‌ വഴിവച്ചു.

മാഡന്‍ - ജൂലിയന്‍ ഓസിലേഷന്‍

1971 റോളണ്ട്‌ മാഡനും പോള്‍ ജൂലിയനും ചേര്‍ന്നാണ്‌ ഈ പ്രതിഭാസം കണ്ടെത്തിയത്‌. ഇന്ത്യന്‍- പസഫിക്‌ സമുദ്രങ്ങളെയാണ്‌ ഇത്‌ ബാധിക്കുന്നത്‌. കിഴക്കുദിശയിലേക്കുള്ള മഴയാണ്‌ പ്രത്യേകത. 30 മുതല്‍ 60 ദിവസംവരെ ഈ പ്രതിഭാസം നീളും.

ലാ നിന

എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ്‌ ലാ നിന. ഭൂമധ്യരേഖാപ്രദേശത്ത്‌ പസഫിക്‌ സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ്‌ ഈ പ്രതിഭാസം. ആഗോള കാലാവസ്‌ഥയിലും കടല്‍ ജലത്തിന്റെ താപനിലയിലും എല്‍ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക്‌ വിപരീതമായാണു ലാ നീനയുടെ പ്രവര്‍ത്തനം. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ശൈത്യകാലത്തും ഉഷ്‌ണകാലത്തെന്നപോലെ ഉയര്‍ന്ന താപവര്‍ധനയ്‌ക്ക്‌ ഈ പ്രതിഭാസം കാരണമാകാറുണ്ട്‌. എല്‍ നിനോപോലെ നിശ്‌ചിത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമല്ല ലാ നിന. അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക്‌ പതിവില്‍ കവിഞ്ഞ തീവ്രത നല്‍കുന്നതും ലാ നിനയുടെ പ്രവര്‍ത്തനങ്ങളാണ്‌. 2010-11 കാലഘട്ടത്തിലുണ്ടായ ലാ നിനയാണ്‌ ഇതുവരെയുണ്ടായതില്‍ വച്ച്‌ ഏറ്റവും ശക്‌തം. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങളെ തകര്‍ത്തു കളയാന്‍ മാത്രം ശക്‌തമായിരുന്നു ഈ പ്രതിഭാസം.