സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആലഞ്ചേരിക്ക് തിരിച്ചടി: പരാതിയില്‍ കഴമ്പുണ്ട്, വിശദ അന്വേഷണം വേണമെന്ന് പോലീസ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തൃക്കാക്കരയിലെ ഭൂമി വില്‍പനയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ വാദം കേട്ട കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്തായുടെ പേരില്‍ വ്യാജ പട്ടയം നിര്‍മ്മിച്ചുവെന്നാണ് പരാതി.

വ്യാജ പട്ടയം നിര്‍മ്മിച്ച് ഭൂമി വിറ്റഴിച്ചുവെന്നാണ് പരാതി. ഭൂമിയുടെ പട്ടയ രേഖയുമായി ബന്ധപ്പെട്ട ഫയലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇതൊരു വ്യാജ പട്ടയം ആണെന്ന സംശയം നിലനില്‍ക്കുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കേസില്‍ സീറോ മലബാര്‍ സഭ തലവനും, എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷനുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി മൂന്നാം പ്രതിയാണ്. ഷാദര്‍ ജോഷി പുതുവ ഒന്നാം പ്രതിയും, സാജു വര്‍ഗീസ് മൂന്നാം പ്രതിയുമാണ്.