അപകടമുണ്ടാക്കിയ ഗ്രേ കാർ സിസിടിവിയിൽ നീലയായി; ‘മിററിൽ കുടുക്കി’ അസി. എംവിഐ
കൊച്ചി • ഒരാളെ അബോധാവസ്ഥയിലേക്കു (കോമ) തള്ളിവിട്ട അപകടമുണ്ടാക്കിയ നീല കാർ തേടിയാണു കായംകുളം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ്.പ്രജു സർവീസ് സെന്ററുകളും ഷോറൂമുകളും കയറിയിറങ്ങിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനുശേഷം കണ്ടെത്തിയത് ഗ്രേ നിറമുള്ള കാർ. ഉടമകൾ കുറ്റം സമ്മതിക്കാൻ തയാറായില്ല. അത് തന്റെ കാറല്ലെന്നും മിറർ ഒടിഞ്ഞത് മതിലിൽ തട്ടിയെന്നും വാദം. ഒടുവിൽ കുടുങ്ങുമെന്നായപ്പോൾ വാഹന ഉടമ തന്നെ സമ്മതിച്ചു, അപകടമുണ്ടാക്കിയത് തന്റെ മരുമകൻ ഓടിച്ച പുതിയ കാറാണെന്ന്.
ആശുപത്രിയിൽനിന്ന് അപകടവിവരം സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്തു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ബന്ധുക്കളെത്തി പരാതി നൽകി. കേസുമായി മുന്നോട്ടു പോകാൻ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തണം. കരീലക്കുളങ്ങര പൊലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. പ്രദേശത്തെ സിസിടിവികൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ താൽക്കാലിക റജിസ്ട്രേഷനുള്ള നീല കാറാണ് അപകടമുണ്ടാക്കിയത് എന്നു വ്യക്തമായി.
ഇതോടെയാണ് അപകടത്തിൽ പെട്ടയാളുടെ ബന്ധു ആർടി ഓഫിസുമായി ബന്ധപ്പെടുന്നത്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് അസിസ്റ്റന്റ് എംവിഐ പ്രജു അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയ വാഹനം സർവീസ് സെന്ററുകളിലും വർക് ഷോപ്പുകളിലും എത്തിയിരുന്നോ എന്ന് പരിശോധിച്ചു. അടുത്തിടെ വിറ്റ കാറുകളുടെ ഉടമകളുടെ വിലാസങ്ങൾ ഷോറൂമുകൾ കയറിയിറങ്ങി സംഘടിപ്പിച്ചു. സ്ഥലത്തുനിന്നു വീണുകിട്ടിയ ചാരനിറമുള്ള മിറർ പൊലീസ് സ്റ്റേഷനിൽനിന്ന് എടുത്തായിരുന്നു അന്വേഷണം.
അപകടമുണ്ടാക്കിയതെന്നു സംശയിക്കുന്ന വാഹനത്തിന്റെ നിറം വിഡിയോയിൽ നീലയായത് ആശയക്കുഴപ്പമായി. ഒരു വർക് ഷോപ്പുകാരൻ മാത്രം മിറർ നന്നാക്കാൻ വന്ന കാറിനെപ്പറ്റി സംശയം പറഞ്ഞു. അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അപകടത്തിൽ പെട്ടയാളുടെ നില ഗുരുതരമാണെന്നു വ്യക്തമായതോടെ സഹായിക്കാമെന്നേറ്റു. ഇതിനിടെ ഒരു ഷോറൂമിൽനിന്ന് താൽക്കാലിക റജിസ്ട്രേഷൻ നമ്പർ ലഭിച്ചു. അതുപയോഗിച്ച് റജിസ്ട്രേഷൻ നമ്പരും വിലാസവുമെടുത്തു.
പരിശോധിച്ച് ഒരേ വാഹനം തന്നെയാണെന്ന് ഉറപ്പു വരുത്തി. വിലാസം തേടി എത്തിയെങ്കിലും അവിടെ ആളില്ല. മകളെ വിവാഹം കഴിപ്പിച്ച് അയച്ച വീട്ടിലേയ്ക്കു പോയിരിക്കുകയാണെന്നു പറഞ്ഞു. ഇതോടെ മകളുടെ വീട്ടില്‍ പോകാൻ തീരുമാനിച്ചു. അവിടെ എത്തുമ്പോൾ വാഹനം കൃത്യം അവിടെ കിടക്കുന്നു. കേടുവന്ന ഗ്ലാസ് മാറ്റിയിട്ടുമുണ്ട്. അപകടമുണ്ടായിട്ടില്ലെന്നും പുറത്തിറക്കിയപ്പോൾ ഗേറ്റിൽ തട്ടിയാണ് കണ്ണാടി തകർന്നതെന്നും ആദ്യം പറഞ്ഞു.
ഇതു പറയുമ്പോൾ പെൺകുട്ടി ഭയന്നു നിൽക്കുന്നതു ശ്രദ്ധയിൽ പെട്ടതോടെ അപകടമുണ്ടാക്കിയത് ഇതേ വാഹനമാണെന്ന് ഉറപ്പിച്ചു. മതിലും കാറിന്റെ കണ്ണാടിയും തമ്മിലുള്ള അകലം അപകടമുണ്ടാക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും ചൂണ്ടിക്കാട്ടി. വീട്ടുടമയുടെ മൊഴികളിലും വൈരുധ്യം വ്യക്തമായി. അപ്പോഴും ഗ്രേ നിറമുള്ള വാഹനമല്ലാത്തതിനാൽ കാര്യമായ തർക്കത്തിനു മുതിർന്നില്ല. മാത്രമല്ല, വിവാഹം കഴിഞ്ഞ് അധികമായിട്ടില്ലാത്ത വീട് എന്നതും പരിഗണിച്ചു.
ഇക്കാര്യം കണ്ണാടി നന്നാക്കി നൽകിയ മെക്കാനിക്കിനോടു പറഞ്ഞപ്പോൾ അദ്ദേഹം സംസാരിക്കാമെന്നേറ്റു. വെയിലിൽ ക്യാമറയിൽ നിറം മാറിപ്പതിഞ്ഞതാണെന്നും പിന്നീടു വ്യക്തമായി. ഇതോടെ മെക്കാനിക്ക് വീട്ടുകാരുമായി സംസാരിച്ചു. വാഹനത്തിന് ഇൻഷുറൻസ് ഉള്ളതിനാൽ പേടിക്കേണ്ടെന്നും ഉടമകൾക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാകില്ലെന്നും അറിയിച്ചു. ഇതോടെ വാഹന ഉടമ കുറ്റം സമ്മതിച്ചു. വണ്ടി ഇടിച്ചയാൾ വീണെങ്കിലും എഴുന്നേറ്റു പോകുന്നതു കണ്ടതിനാലാണു നിർത്താതെ പോയതെന്നായിരുന്നു വാദം.
വാഹനം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി തുടർ നടപടികളെടുത്തു. എറണാകുളം മരടിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ചന്ദ്രശേഖരനെ മുറിയിലേക്കു മാറ്റിയിട്ടുണ്ട്. ഇപ്പോഴും അബോധാവസ്ഥയിലാണ്. അടുത്ത ദിവസം സമീപത്തെ ഏതെങ്കിലും ആശുപത്രിയിലേക്കു മാറ്റുന്നതിനു സമ്മതിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
Comments (0)