കാരുണ്യമില്ലാതെ കാരുണ്യ; സൗജന്യ ചികിത്സ ലഭിക്കാതെ അര്‍ബുദ രോഗികള്‍
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലെ സൗജന്യ ചികിത്സ ആനുകൂല്യങ്ങള്‍ കിട്ടാതെ അര്‍ബുദ രോഗികള്‍. പ്ലേറ്റ്ലറ്റ് മാറ്റുന്നതും സ്കാനിങ്ങുകള്‍ക്കും വില കൂടിയ മരുന്നുകള്‍ വാങ്ങുന്നതിനും പണം നല്‍കേണ്ട അവസ്ഥയിലാണ് രോഗികള്‍. ഇന്‍ഷുറന്‍സ് കമ്ബനിയുമായി ഉണ്ടാക്കിയ ധാരണയില്‍ സര്‍ക്കാര്‍ മാറ്റം വരുത്താതെ പരിശോധനകള്‍ക്ക് സൗജന്യമാക്കാനാകില്ലെന്ന് ആര്‍ സി സി അധികൃതര്‍ അറിയിച്ചു.
രക്താര്‍ബുദം ബാധിച്ച ലില്ലിക്കുട്ടി, ചികിത്സയുടെ ഭാഗമായുള്ള സ്കാനിങ്ങിനും മരുന്ന് വാങ്ങുന്നതിനും നിവൃത്തിയില്ലാതെ ചികിത്സ തന്നെ നിര്‍ത്തിയാലോ എന്ന ആലോചനയിലാണ്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ അംഗമാണ് ലില്ലിക്കുട്ടി.
പക്ഷേ ഇന്‍ഷുറന്‍സ് വഴി പണം കിട്ടില്ല. മജ്ജയില്‍ അര്‍ബുദം ബാധിച്ച ഭാര്യയുമായി പട്ടാമ്ബി സ്വദേശിയായ മണികണ്ഠന്‍ ആര്‍ സി സിയില്‍ എത്തിയിട്ട് മാസം മൂന്ന് കഴിഞ്ഞു. റേഡിയേഷന്‍, കീമോ, ശസ്ത്രക്രിയ ഇവക്കൊഴികെ മറ്റൊന്നിനും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വഴി സൗജന്യം കിട്ടുന്നില്ല. കൂലിപ്പണിക്കാരനായ മണികണ്ഠനും ചികിത്സ മുടങ്ങുമോയെന്ന ആശങ്കയിലാണ്.
പഴയ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയില്‍ കിടത്തി ചികിത്സ ഇല്ലാതെ തന്നെ ചികിത്സകളും പരിശോധനകളും സൗജന്യമായിരുന്നു. എന്നാല്‍ രോഗിയെ കിടത്തി ചികിത്സയ്ക്ക് പ്രവേശിപ്പിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്ബനിയുമായുള്ള ധാരണ പ്രകാരം സൗജന്യ ചികിത്സയും പരിശോധനകളും പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി നല്‍കാന്‍ ആകൂ എന്നാണ് ഔദ്യോഗിക വിശദീകരണം.
Comments (0)