ഉത്തരാഖണ്ഡ് പ്രളയം: രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കി ഐടിബിപി

ഉത്തരാഖണ്ഡ് പ്രളയം: രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കി ഐടിബിപി

ദില്ലി: മിന്നല്‍ പ്രളയമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കിയെന്ന് ഐടിബിപി അറിയിച്ചു. ഇതിലൂടെ ക്യാമറ ഇറക്കാന്‍ ശ്രമം നടക്കുകയാണ്. കുഴിയുടെ വിസ്തീര്‍ണ്ണം കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. അതിനിടെ, തുരങ്കത്തില്‍ കുടുങ്ങിയ 34 പേരുടെ ബന്ധുക്കള്‍ എന്‍ടിപിസി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി.

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തപോവന്‍ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. നദി തീരത്ത് നിന്ന് ആളുകളെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റിയിരുന്നു. മിന്നല്‍ പ്രളയത്തില്‍ കാണാതായ 170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു. മൃതദേഹം തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിക്കും.

അണക്കെട്ടില്‍ ആരൊക്കെ ജോലി ചെയ്തിരുന്നുവെന്ന വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലവും ദുരന്തത്തില്‍ ഒലിച്ചു പോയിരുന്നു. എങ്കിലും യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ ജോലിക്കാരാണ് ഇവിടെ ഉണ്ടായിരുന്നതില്‍ ഏറെയും എന്നാണ് അധികൃതര്‍ പറയുന്നത്.