എട്ടുമാസം പ്രായമുള്ള ശിശുവിന്റെ ശ്വാസകോശത്തിൽ നിന്ന്  ഭക്ഷണത്തിന്റെ അംശങ്ങൾ നീക്കം ചെയ്തു

എട്ടുമാസം പ്രായമുള്ള ശിശുവിന്റെ ശ്വാസകോശത്തിൽ നിന്ന്  ഭക്ഷണത്തിന്റെ അംശങ്ങൾ നീക്കം ചെയ്തു

എസ്.കെ  കവർ സ്റ്റോറി ഓൺലൈൻ

കൊച്ചി:  ശ്വാസകോശത്തിൽ അകപ്പെട്ട  കേക്കിന്റെയും റസ്‌ക്കിന്റെയും അംശങ്ങൾ നീക്കം ചെയ്തതോടെ എട്ടുമാസം മാത്രം പ്രായമുള്ള കുട്ടിക്ക് ലഭിച്ചത് പുനർജന്മം. അപൂർവ്വമായ ശസ്ത്രക്രിയകളിലൂടെ ശ്രദ്ധേയനായ കൊച്ചി അമൃത ആശുപത്രിയിലെ  ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് അന്യ വസ്തുക്കൾ നീക്കം ചെയ്തത്. രാവിലെ ഭക്ഷണം നൽകുന്നതിനിടെ ഇടുക്കി സ്വദേശികളായ ദമ്പതികളുടെ  കുട്ടിയുടെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും അബദ്ധവശാൽ കുട്ടിക്ക് നൽകിയിരുന്ന കേക്കിന്റെയും റസ്‌ക്കിന്റെയും അംശങ്ങൾ  അകപ്പെടുകയായിരുന്നു.

പെട്ടെന്ന് ശക്തമായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട കുഞ്ഞിനെ തൊണ്ടയിൽ ഭക്ഷണം തടഞ്ഞതായിരിക്കാം എന്ന ധാരണയിൽ അമ്മ തോളിലിട്ട് പുറത്ത് തട്ടി. ഉള്ളിലകപ്പെട്ട ആഹാരത്തിന്റെ ഏതാനും ശകലങ്ങൾ കുട്ടി പുറത്തേക്ക് തുപ്പുകയും ചെയ്തു.  പക്ഷേ ചുമയും വിമ്മിഷ്ടവും ശ്വസിക്കാനുള്ള പ്രയാസവും രൂക്ഷമായിക്കൊണ്ടിരുന്നു. തുടർന്നാണ് ഇടുക്കിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. റോബിന്റെ അടുക്കൽ കുഞ്ഞിനെ എത്തിച്ചത്. ശ്വാസനാളത്തിൽ പുറത്തു നിന്നുള്ള വസ്തുക്കൾ എന്തോ അകപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി വിദഗ്ധ പരിശോധന ആവശ്യമാണെന്നും ഡോക്ടർ നിർദ്ദേശിച്ചു.  കൊച്ചിയിലെ അമ്യത ആശുപതിയിലേക്ക് അദ്ദേഹം റഫർ ചെയ്തു.

അമൃതയിൽ ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ധസംഘം ഉടനെ തന്നെ കുട്ടിയെ പരിശോധിച്ചു.  ബ്രോങ്കോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ സങ്കീർണ്ണമായ പരിശോധനയിൽ (bronchoscopic procedure)  കുട്ടിയുടെ ശ്വാസനാളത്തിലും വലതു ശ്വാസകോശത്തിലും കേക്കിന്റെയും റസ്‌ക്കിന്റെയുംഅവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ശ്വാസകോശത്തിൽ  നിന്നും അവ നീക്കിയതോടെ കുട്ടി അപകടനില തരണം ചെയ്തു. ഡോ. ടിങ്കു ജോസഫിന് തുണയായി ചീഫ് കാർഡിയാക് അനസ്തീഷിസ്റ്റ് ഡോ. എവിക് ജയന്ത് , ഡോ.ശ്രീരാജ് നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള പലതും  കുട്ടികളുടെ ശ്വാസനാളത്തിലോ ശ്വാസകോശത്തിലോ അകപ്പെടുന്നത് അപൂർവ്വമല്ല.  പെട്ടെന്ന് കണ്ടെത്തി അവ നീക്കം ചെയ്യാൻ കഴിഞ്ഞാൽ  മാരകമായ ഈ വിപത്തിൽ നിന്ന് രക്ഷപ്പെടാം. അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഇത്തരത്തിൽ അന്യവസ്തുക്കൾ ശ്വാസനാളത്തിലോ ശ്വാസകോശത്തിലോ അകപ്പെടുന്നതാണ്. ശക്തമായ വീർപ്പുമുട്ടലും ചുമയും അനുഭവപ്പെടുകയാണെങ്കിൽ രോഗനിർണ്ണയം വേഗത്തിൽ തന്നെ നടത്താൻ കഴിയും. പെട്ടെന്നുള്ള ചുമ, വിമ്മിഷ്ടം ഗുരുതരമായ ശ്വാസ തടസ്സം, കുറുകൽ എന്നിവയാണ് ശ്വാസനാളത്തിലോ ശ്വാസകോശത്തിലോ എന്തെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നതിന്റെ പൊതുവായ ലക്ഷണങ്ങൾ. അകാരണമായി  നീണ്ടു നിൽക്കുന്ന ചുമ, ശ്വാസകോശത്തിൽ അനിയന്ത്രിതമായി രക്തപ്രവാഹം കുറയൽ രക്തത്തിന്റെ അമിതഭാരം  എന്നിവ കുട്ടികളുടെ നെഞ്ചിന്റെ എക്‌സ്‌റേയിൽ ചിലപ്പോൾ വ്യതിയാനം വരുത്തും. ഇത് മൂലം ശ്വാസകോശത്തിൽ അന്യ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.

രോഗനിർണ്ണയം നടത്തി അന്യവസ്തുക്കൾ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത് പിന്നീട് ശക്തമായ ശ്വാസംമുട്ടലിനും ആവർത്തിച്ചുള്ള ന്യൂമോണിയ, പഴുപ്പ് ഉണ്ടാകൽ തുടങ്ങി സ്ഥിരമായ ശ്വാസകോശ തകരാറുകൾക്കും കാരണമാകും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. സംഭവിച്ചാൽ ഉടനെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കി ശ്വാസകോശത്തിലകപ്പെട്ട ബാഹ്യ വസ്തുക്കൾ എത്രയും വേഗം നീക്കം ചെയ്യണം. ഫ്‌ളെക്‌സിബിൾ ബ്രോങ്കോസ്‌കോപ്പിയിലൂടെ (flexible bronchoscopy) യാണ്  രോഗനിർണ്ണയവും സ്ഥിരീകരണവും നടത്തുന്നത്. ഈ പ്രക്രിയയിൽ പരാജയ സാധ്യത വളരെ വിരളമാണ്. 24 മണിക്കൂറിനകം അകപ്പെട്ട വസ്തുക്കൾ നീക്കം ചെയ്യാൻ കഴിഞ്ഞാൽ ചികിത്സ വളരെ ഫലപ്രദമാകും.