സ്വര്‍ണക്കടത്ത് കേസില്‍ ശിവങ്കറിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ ശിവങ്കറിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന് ജാമ്യം. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.

കള്ളപ്പണം വെളുപ്പിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ 23 ാം പ്രതിയാണ് ശിവശങ്കര്‍. ഈ കേസിലാണ് നിലവില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 24-നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ വിദേശകണ്ണിയായ റബിന്‍സ് കെ. ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികള്‍ക്കും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അതിനുള്ള മറുപടി ലഭിച്ച ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുക.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയും. പ്രിന്‍സിപ്പില്‍ സെക്ഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഗവര്‍ണമെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.