കൈപ്പത്തി മാറ്റിവയ്ക്കൽ: അമൃതക്ക് അപൂർവ നേട്ടം
അമൃത ആശുപത്രിയിൽ അപൂർവമായ കൈകൾ വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ വീണ്ടും നടന്നു. വിശാഖ പട്ടണം സ്വദേശിയായ നാവിക ഉദ്യോഗസ്ഥനാണ് കൈകൾ വച്ചുപിടിപ്പിച്ചത്. ഞായറാഴ്ച ബംഗളൂരു നാരായണ ഹൃദയാലയം ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച മീന (52)യുടെ കൈകളാണ് ഇദ്ദേഹത്തിന് പുതിയ ജീവിതം നൽകിയത്.
കർണാടക പൊലീസും കേരളപൊലീസും അതിവേഗം കൈകൾ അമൃതയിലെത്തിക്കാൻ മികച്ച സേവനം നൽകി. ബംഗളൂരിൽ ട്രാഫിക് ഏറ്റവുമേറെയുള്ള രാത്രി എട്ടുമണി സമയത്ത് ആംബുലൻസിന് പൊലീസ് സേന ഗതാഗത തടസമൊന്നും തന്നെയില്ലാതെ ഗ്രീൻചാനൽ ഒരുക്കി. പുലർച്ചെ ഒരു മണിക്ക് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് കേരള പൊലീസ് എസ്കോർട്ടോടെ ഇരുപത് മിനിറ്റുകൊണ്ട് ആംബുലൻസ് അമൃതയിലെത്തി. പത്ത് മിനിറ്റിനകം ശസ്ത്രക്രിയയും ആരംഭിച്ചു.
വിധവയായ മീനയുടെ മകൻ അമ്മയുടെ ശരീരം ദാനം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചപ്പോഴാണ് നാരായണാലയത്തിലെ മലയാളിയായ ട്രാൻസ്പ്ളാന്റ് കോർഡിനേറ്റർ ലിജ മരണത്തിന് മുമ്പ് അവയവങ്ങൾ ദാനം ചെയ്യുന്ന കാര്യം സൂചിപ്പിച്ചത്. ഇതംഗീകരിക്കപ്പെട്ടതിനെ തുടർന്ന് മീനയുടെ കൈകൾ, കരൾ, വൃക്കകൾ, ഹൃദയവാൽവുകൾ, നേത്രപടലങ്ങൾ എന്നിവ വിവിധ ആശുപത്രികളിലെ രോഗികൾക്ക് നൽകി.
അമൃതയിലെ പ്ളാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തിയാണ്കൈകൾ ഏറ്റുവാങ്ങിയത്. ആന്ധ്ര സ്വദേശിയായ നാവികോദ്യോഗസ്ഥൻ ഒരുവർഷമായി കൈകൾക്കായി കാക്കുകയായിരുന്നു. അമൃത ആശുപത്രിക്ക് സമീപം തന്നെ ഇതിനായി വാടകയ്ക്ക് താമസിച്ചു. പത്ത് വർഷം മുമ്പാണ് ടോർപ്പിഡോ ഫിറ്ററായ ഇദ്ദേഹത്തിന് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വലതു കൈപ്പത്തിയും ഇടതുകൈ തോളിന് താഴെവച്ചും നഷ്ടമായത്. ചികിത്സാ ചെലവുകളെല്ലാം നാവികസേനയാണ് വഹിക്കുന്നത്.
ഇനി ഒരു മാസം ഇദ്ദേഹം ആശുപത്രിയിൽകഴിയേണ്ടി വരും. പിന്നീട് ഒരു വർഷം തൊട്ടടുത്ത് തന്നെ താമസിച്ച്ചികിത്സയും തുടർച്ചയായ ഫിസിയോതെറാപ്പിയും ചെയ്യണം. തുടർന്ന് സാവകാശം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാം. കൈകൾ വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപയോളം ചെലവുവരും. കേരളത്തിൽ അമൃതയിൽ മാത്രമാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. മുമ്പ് നടന്ന അഞ്ച് കൈകൾ വച്ചുപിടിപ്പിക്കലും വിജയകരമായിരുന്നു



Author Coverstory


Comments (0)