ഗെയ്‌ല്‍ പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു
കൊച്ചി : കൊച്ചിയില്‍നിന്നു മംഗളുരുവിലേക്കുള്ള ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യയുടെ (ഗെയ്‌ല്‍) 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. വന്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"ഒരു രാജ്യം ഒരു ഗ്യാസ് ഗ്രിഡ്" എന്ന നേട്ടത്തിലേക്ക് അടുക്കുന്നതിന്റെ പ്രധാന നാഴികക്കല്ലാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ 12 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്‌ടിക്കപ്പെടും. രാജ്യത്തെ ഗ്യാസ് ഉപയോഗം ഇപ്പോഴുള്ള ആറു ശതമാനത്തില്‍ നിന്ന് 16 ശതമാനമാകും.
പ്രകൃതിവാതകം എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നതോടെ രാജ്യത്ത് വലിയ ഊര്‍ജവിപ്ലവം ഉണ്ടാകും. മണ്ണെണ്ണ ഉപയോഗം കുറയ്‌ക്കണം. രാജ്യമെങ്ങും പൈപ്പ് ഗ്യാസ് പ്രോത്സാഹിപ്പിക്കപ്പെടണം. ഒരുമിച്ചുനിന്നാല്‍ വികസനം വേഗത്തിലാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണു ഗെയ്‌ല്‍ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതി പൂര്‍ത്തിയാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിച്ചതായി യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളില്‍ പൈപ്പിടല്‍ കീറാമുട്ടിയായിരുന്നു. കൂറ്റനാട് മുതല്‍ കോയമ്ബത്തൂര്‍ വരെയുള്ള 99 കിലോമീറ്ററിന്റെ പണിയും ഉടന്‍ പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. എതിര്‍പ്പുകള്‍ മറികടന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളം നടത്തിയ ശ്രമങ്ങളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ശ്ലാഘിച്ചു.
സംസ്‌ഥാനത്തിന്റെ ഏഴു ജില്ലകളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. വീടുകളിലേക്കും വ്യവസായ ശാലകളിലേക്കും വാഹനങ്ങളിലും പ്രകൃതിവാതകം ഉപയോഗിക്കാന്‍ കഴിയും. പ്രധാന പൈപ്പ്‌ലൈനില്‍ നിന്ന് അസംഖ്യം ചെറു പൈപ്പ്‌ലൈനുകളിലൂടെയാകും പ്രദേശിക ഫില്ലിങ് സ്‌റ്റേഷനുകളിലേക്ക് വാതകമെത്തുക. നിലവില്‍ ഫാക്‌ട്, മാംഗ്ലൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ പൊതുമേഖലാ കമ്ബനികള്‍ ദ്രവീകൃത പ്രകൃതിവാതകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വൈദ്യുതി, നാഫ്‌ത എന്നിവയെ അപേക്ഷിച്ച് ചെലവ് ഗണ്യമായി കുറയും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടന്ന ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.



Author Coverstory


Comments (0)