മാധ്യമങ്ങളെ പോലെ തന്നെ സി.ബി.ഐ, ഇ.ഡി പോലെയുള്ള കേന്ദ്ര ഏജന്‍സികളും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ചൊല്‍പടിയില്‍ നില്‍ക്കേണ്ട അവസ്ഥ : രാഹുല്‍

മാധ്യമങ്ങളെ പോലെ തന്നെ സി.ബി.ഐ, ഇ.ഡി പോലെയുള്ള കേന്ദ്ര ഏജന്‍സികളും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ചൊല്‍പടിയില്‍ നില്‍ക്കേണ്ട അവസ്ഥ : രാഹുല്‍

നാഗര്‍കോവില്‍ : ബി.ജെ.പിക്ക് എതിരായ യുദ്ധം എളുപ്പമല്ലെന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനമായ ഇന്നലെ നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ നിന്നാരംഭിച്ച പദ യാത്ര പുളിയൂര്‍ക്കുറിച്ചിയില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്ത് താഴേതട്ടില്‍ എന്ത് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാനാണ് യാത്ര. അത് നയിക്കുന്നത് താനല്ല, പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യുന്നത്. നരേന്ദ്ര മോദിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനല്ല ഈ യാത്ര. ലക്ഷ്യം രാജ്യത്തെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ സംരക്ഷിക്കുകയാണ്. പ്രതിപക്ഷ ചേരിയില്‍ കോണ്‍ഗ്രസിന് മാത്രമല്ല എല്ലാ പാര്‍ട്ടികള്‍ക്കും പ്രാധാന്യമുണ്ട്. പ്രതിപക്ഷത്തിനൊപ്പമല്ല മാധ്യമങ്ങള്‍. അത് മനഃപൂര്‍വമല്ല. അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. മാധ്യമങ്ങളെ പോലെ തന്നെ സി.ബി.ഐ, ഇ.ഡി പോലെയുള്ള കേന്ദ്ര ഏജന്‍സികളും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ചൊല്‍പടിയില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ഇക്കാരണങ്ങളാല്‍ ബി.ജെ.പിക്കെതിരായ യുദ്ധം എളുപ്പമല്ല. കോണ്‍ഗ്രസ് ഒരിക്കലും കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരല്ല. ആ നയങ്ങള്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എതിരാകുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്.
എ.ഐ.സി.സി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന്
തനിക്ക് അതിനെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പരിവാര്‍ ബച്ചാവോ യാത്രയാണ് നടക്കുന്നതെന്ന ബി.ജെ.പി ആക്ഷേപതിന് മറുപടിയായി ആര്‍.എസ്.എസും ബി.ജെ.പിയും വരുത്തിയ കേടുപാടുകളില്‍ നിന്നും ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള യാത്രയാണിതെന്നും അദ്ദേഹം പറഞ്ഞു. പദയാത്ര പോകുന്ന വീഥികളില്‍ രാഹുല്‍ ഗാന്ധിയെ കാണുവാന്‍ ഇരുപുറങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീണ്ടനിരയുണ്ടായിരുന്നു. ഇന്നലെ രാത്രി മുളക്മൂട് സെന്റ് മേരീസ് സ്‌കൂളില്‍ തങ്ങിയ യാത്രാസംഘം ഇന്ന് രാവിലെ മാര്‍ത്താണ്ഡം നേശമണി ക്രിസ്ത്യന്‍ കോളേജില്‍ എത്തും. വിശ്രമശേഷം വൈകിട്ട് ചെറുവാരക്കോണത്ത് എത്തിച്ചേരും.