ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധം: മുട്ടുമടക്കി മേയര്‍

ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധം: മുട്ടുമടക്കി മേയര്‍

തിരുവനന്തപുരം: ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യക്കുഴിയില്‍ തളളിയ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി മേയര്‍ ആര്യ രാജേന്ദ്രന്‍. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോര്‍പറേഷന്‍ പിന്‍വലിച്ചേക്കും. സ്വന്തം കാശ് കൊടുത്ത് വാങ്ങിയ ഓണസദ്യ കഴിക്കാന്‍ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികള്‍ ഓണസദ്യ വലിച്ചെറിഞ്ഞത്. പ്രതിഷേധിച്ചവര്‍ക്കെതിരെ മേയര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സ്ഥിരം ജോലിക്കാരെ സസ്പെന്‍ഡ് ചെയ്യുകയും, താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ജീവനക്കാര്‍ക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ സ്വീകരിച്ച നടപടിയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സി.പി.എമ്മിന് അകത്തും പുറത്തും ഒരുപോലെ വിമര്‍ശനമുയര്‍ന്നു. ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ളര്‍ മേയര്‍ക്കെതിരായിരുന്നു. തൊഴിലാളികള്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കാന്‍ സി.പി.എം ആര്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. തൊഴിലാളികളില്‍ അധികവും സി.ഐ.ടിയു ആള്‍ക്കാരായിരുന്നു. ഇതോടെ മേയറുടെ നടപടി വിവാദത്തിലായി. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഭക്ഷണം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കൊപ്പമാണ് സോഷ്യല്‍ മീഡിയ. മേയറുടെ ഈ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സമൂഹത്തിലെ താഴെക്കിടയിലുളളവരെ ആഘോഷങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണെന്നുമുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഓഫീസ് ടൈമില്‍ ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ വേസ്റ്റ് എടുക്കുന്ന താഴേക്കിടയിലുളള കുറച്ചുപേര്‍ മാലിന്യത്തില്‍ ഉരുണ്ട് കുളിച്ച് വന്ന് നാറിയ വേഷത്തില്‍ ഔദാര്യമായി വാങ്ങിവെച്ചിരിക്കുന്ന സദ്യ ഉണ്ട് ആഘോഷിച്ചാല്‍ മതിയെന്ന് പറയുന്നത് എത്ര റിഗ്രസീവ് ആണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.