കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞ് പറ്റില്ലെന്ന് കോണ്‍ഗ്രസ്; ലീഗില്‍ പ്രതിസന്ധി
കൊച്ചി: കളമശ്ശേരി മണ്ഡലത്തില്‍ വീണ്ടും വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതി കേസില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട അദ്ദേഹം മത്സരിക്കുന്നത് മറ്റ് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് വാദം.
അതേസമയം, കളമശ്ശേരിയില്‍ മുസ്ലിം ലീഗ് നടത്തിയ സര്‍വേയില്‍ ഇബ്രാഹിം കുഞ്ഞിനാണ് വിജയസാധ്യതയെന്ന് വിലയിരുത്തിയിട്ടുണ്ട്.
പാലാരിവട്ടം അഴിമതിക്കേസ് സംസ്ഥാനതലത്തില്‍ തന്നെ പ്രചാരണ വിഷയമായി എല്‍.ഡി.എഫ് ഉയര്‍ത്തുന്നതിന് ഇബ്രാഹിം കുഞ്ഞിെന്റ സ്ഥാനാര്‍ഥിത്വം വഴിതെളിക്കുമെന്ന് കോണ്‍ഗ്രസ് ജില്ല നേതൃത്വം വിമര്‍ശനം ഉന്നയിച്ചു.
ബാര്‍ കോഴ കേസ് ഉയര്‍ത്തി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെതിരെ നടത്തിയ പ്രചാരണം എല്‍.ഡി.എഫിന് തുണയായത് ചൂണ്ടിക്കാട്ടുന്നു.
കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിെന്റ വ്യക്തിപ്രഭാവം ഇക്കുറിയും വിജയം കൊണ്ടുവന്നാലും പാലാരിവട്ടം പാലം സംസാര വിഷയമായ തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വിനയാകും. ഇബ്രാഹിംകുഞ്ഞും മകന് വി.കെ. അബ്ദുല്‍ ഗഫൂറും മത്സരിക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗിന് മുന്നില്‍ അവതരിപ്പിച്ചത്.
എന്നാല്‍, മത്സരിക്കാന്‍ സന്നദ്ധനാണെന്നും കോടതി കുറ്റവാളിയെന്ന് വിധിക്കും മുമ്ബ് തന്നെ മാറ്റിനിര്‍ത്താന്‍ പറ്റില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്.
കളമശ്ശേരിയില്‍ വിജയിക്കാന്‍ തെന്റ സ്ഥാനാര്‍ഥിത്വം ആവശ്യമാണെന്നും അദ്ദേഹം ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ ലീഗ് സംസ്ഥാന നേതൃത്വം വെട്ടിലായി. അവസാന തീരുമാനം ഇബ്രാഹിംകുഞ്ഞ് തന്നെ എടുക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം.
ഇത്തവണ മാത്രമായി ടി.എ. അഹമ്മദ് കബീറിനെ ഇബ്രാഹിംകുഞ്ഞിെന്റ കൂടി പിന്തുണയോടെ കളമശ്ശേരിയില്‍ മത്സരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു.
അതല്ലെങ്കില്‍ ഇബ്രാഹിം കുഞ്ഞിന് സമ്മതനായ മറ്റൊരാളെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീമിെന്റ പേരാണ് അതിനായി ഉയരുന്നത്.
Comments (0)