രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയ്ക്ക് സഹായം ചെയ്തവര്‍ പിടിയില്‍

രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയ്ക്ക് സഹായം ചെയ്തവര്‍ പിടിയില്‍

ജമ്മു കശ്മീര്‍ : രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയ്ക്ക് സഹായം ചെയ്തവര്‍ പിടിയിലായി. ലഷ്‌കര്‍-ഇ-ത്വയ്ബയ്ക്ക് സഹായം നല്‍കിയിരുന്ന രണ്ട് പേരെയാണ് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സോപോര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് പ്രതികള്‍ പിടിയിലായത്. ബന്ദിപ്പോര സ്വദേശി ഷാക്കീര്‍ അക്ബര്‍ ഗ്രോജി, ബാരാമുള്ള സ്വദേശി മൊഹ്‌സിന്‍ വാനി എന്നിവരാണ് അറസ്റ്റിലായത്. ഗൗസിയാബാദ് ചൗക്ക് ചിങ്കിപോരയില്‍ സൈന്യവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. ഇരു സേനയും ഏകോപ്പിച്ച് സംയുക്ത ചെക്ക് പോയിന്റ് സ്ഥാപിച്ചിരുന്നു. ഇവിടെ പരിശോധന നടത്തുന്നതിനിടയിലാണ് സംശയാസ്പദമായി രണ്ട് പേരെ കണ്ടത്. സുരക്ഷാ സേന പരിശോധനകള്‍ക്ക് വിധേയരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതികളില്‍ നിന്നും രണ്ട് ഗ്രനേഡുകള്‍ കണ്ടെടുത്തു. ഇവര്‍ സുരക്ഷാ സേനയ്ക്കും ജനങ്ങള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.