കാട്ടാനക്കൂട്ടം അങ്കണവാടിയുടെ ചുറ്റുമതില്‍ തകര്‍ത്തു

കാട്ടാനക്കൂട്ടം അങ്കണവാടിയുടെ ചുറ്റുമതില്‍ തകര്‍ത്തു

പേരാവൂര്‍: ആറളം ഫാമില്‍ തമ്ബടിച്ച കാട്ടാനക്കൂട്ടം ഏഴാം ബ്ലോക്കിലെ അങ്കണവാടി കെട്ടിടത്തിന്‍റെ ചുറ്റുമതിലും പരിസരത്തെ കൃഷിയും നശിപ്പിച്ചു. ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ചുറ്റുമതില്‍ 15 മീറ്ററ്റോളം തകര്‍ത്തു. അങ്കണവാടിയുടെ അധീനഭൂമിയിലെ വാഴ, കപ്പ മുതലായ കാര്‍ഷികവിളകളും നശിപ്പിച്ചു. ഫാം ആശുപത്രിയോടും നിര്‍മാണത്തിലിരിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിനോടും ചേര്‍ന്നാണ് അങ്കണവാടി.

ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തി ഫാമിന്‍റെ കാര്‍ഷിക മേഖലകളില്‍ തമ്ബടിച്ചിരുന്ന കാട്ടാനകളാണ് ഫാമിലും ഫാമിലെ പുനരധിവാസ മേഖലകളിലും ഫാമിന് പുറത്തുള്ള ജനവാസ മേഖലകളിലും നിരന്തരം കൃഷി നശിപ്പിക്കുന്നത്‌. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും നിരവധി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടും കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്കാവുന്നില്ല.

പലതവണ ആനയുടെ മുന്നില്‍ പെട്ടിട്ടുള്ള ജീവനക്കാര്‍ ഏറെ ഭയന്നാണ് മേഖലയില്‍ ജോലിക്കെത്തുന്നത്. സ്കൂളുകള്‍ തുറന്നതോടെ കുട്ടികളെ സ്കുളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമാണ്. പകലും രാത്രിയും ഒരുപോലെ കാട്ടാന ഭീഷണിയിലാണ് മേഖല മുഴുവന്‍. ഫലപ്രദമായ ഒരു ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.