സെക്രട്ടറിയേറ്റില്‍ കോവിഡ് പടരുന്നു; വിനയായത് കാന്റീന്‍ തിരഞ്ഞെടുപ്പ്

സെക്രട്ടറിയേറ്റില്‍ കോവിഡ് പടരുന്നു; വിനയായത് കാന്റീന്‍ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കൊറോണ വൈറസ് പടരുകയാണ്. 55 പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കന്റീന്‍ തിരഞ്ഞെടുപ്പ് കാരണമായെന്നാണ് ആക്ഷേപം.

ഹൗസിങ് സഹകരണസംഘവും അടച്ചു. പരിശോധനകള്‍ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജര്‍ ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സന്ദര്‍ശകര്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കോവിഡ് പടരുന്നതു നിയന്ത്രിക്കാനാകുന്നില്ല. സെക്രട്ടേറിയറ്റില്‍ നിന്നു പൊതുജനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും അകറ്റുന്നതിന്റെ ഭാഗമായി ഒരു മാസമായി 3 ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കന്റോണ്‍മെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുള്ളൂ. ഈ ഗേറ്റിലൂടെ അകത്തു കടക്കണമെങ്കില്‍ സെക്രട്ടേറിയറ്റിനുള്ളില്‍ നിന്നു ഗേറ്റിലേക്കു വിളിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്യുകയും വേണം. ഈ നിയന്ത്രണം കോവിഡ് പടരാതിരിക്കാന്‍ എന്നായിരുന്നു വിശദീകരണം.

കഴിഞ്ഞയാഴ്ച കന്റീന്‍ സഹകരണ സംഘത്തിലേക്കു നടന്ന തിരഞ്ഞെടുപ്പാണു കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 5500 ലേറെ പേരാണു നിയന്ത്രണങ്ങള്‍ ലംഘിച്ചു തിക്കിത്തിരക്കി വോട്ടു ചെയ്യാനെത്തിയത്. ഇതിനു മുന്നോടിയായി വ്യാപക വോട്ടു പിടിത്തവും നടന്നു. ഒരുമിച്ചു കൂടിയുള്ള യോഗങ്ങളും പലവട്ടം നടന്നു. വെള്ളിയാഴ്ച വിജയാഹ്ലാദ പ്രകടനത്തിനും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല.