പട്ടയഭൂമിയിലെ നിര്‍മാണവിലക്ക്‌: ആശങ്കയില്‍ കര്‍ഷകര്‍

പട്ടയഭൂമിയിലെ നിര്‍മാണവിലക്ക്‌: ആശങ്കയില്‍ കര്‍ഷകര്‍

അടിമാലി: പട്ടയഭൂമിയില്‍ പുതിയതായി കെട്ടിടനിര്‍മാണത്തിന്‌ അനുമതി ലഭിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ്‌ വന്നതോടെ കര്‍ഷകര്‍ ആശങ്കയില്‍. 1960-ലെ നിയമവും 1964-ലെ ചട്ടങ്ങളും അനുസരിച്ച്‌ പട്ടയഭൂമിയില്‍ വീടിനും കൃഷിക്കുമാണ്‌ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നത്‌.

റവന്യൂ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന കൈവശ സര്‍ട്ടിഫിക്കറ്റില്‍ ബന്ധപ്പെട്ട ഭൂമിയിലെ പട്ടയം അനുവദിച്ചിരിക്കുന്നത്‌ 1960-ലെ കേരള ലാന്‍ഡ്‌ അസൈന്‍മെന്റ്‌ ആക്‌ട്‌ അനുസരിച്ച്‌ എന്ത്‌ ആവശ്യത്തിനാണെന്നു വ്യക്‌തമാക്കണമെന്നാണ്‌ സര്‍ക്കാര്‍ ഉത്തരവ്‌. കഴിഞ്ഞ ഡിസംബര്‍ 2-ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്‌ ആണ്‌ ഉത്തരവിറക്കിയത്‌. ഇതിന്റെ ചുവടു പിടിച്ചാണ്‌ തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ്‌ സിന്‍ഹയും ഉത്തരവിറക്കിയത്‌.

ചെറുകിട വ്യവസായത്തിനായി പട്ടയഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതു സംബന്ധിച്ച തര്‍ക്കവിഷയത്തില്‍ അനുകൂലവിധി തേടി ഇടുക്കി ബൈസണ്‍വാലി സ്വദേശിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസുമായി ബന്ധപ്പെട്ടാണ്‌ സര്‍ക്കാര്‍ ഉത്തരവുകളില്‍ വ്യക്‌തത വരുത്തിയത്‌.

കൈവശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന വിവരം പരിശോധിച്ച ശേഷമേ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക്‌ പെര്‍മിറ്റ്‌ നല്‍കാവൂ എന്നാണ്‌ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌.

തുടര്‍നടപടികള്‍ക്കായി ഈ ഉത്തരവ്‌ സംസ്‌ഥാനത്തെ മുഴുവന്‍ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കും അയച്ചു നല്‍കിയിട്ടുണ്ട്‌. സംസ്‌ഥാനത്തൊട്ടാകെ പട്ടയഭൂമിയില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ഹൈക്കോടതിയും സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ്‌ റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെയും ഉത്തരവുകള്‍ സര്‍ക്കാര്‍ തന്നെ ഹൈക്കോടതയില്‍ ഹാജരാക്കിയത്‌. ഈ പശ്‌ചാത്തലത്തില്‍ കേസ്‌ അവസാനിപ്പിക്കണമെന്ന്‌ സ്‌റ്റേറ്റ്‌ അറ്റോര്‍ണി കെ.വി സോഹന്‍ മാര്‍ച്ച്‌ ഒന്നിന്‌ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ ഇടുക്കിയിലെ മൂന്നാര്‍ മേഖലയില്‍ വരുന്ന എട്ടു വില്ലേജുകളിലാണു സര്‍ക്കാര്‍ നിര്‍മാണനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്‌. പുതിയ ഉത്തരവുകളുടെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തൊട്ടാകെ പട്ടയഭൂമിയിലെ വ്യാപാര-വ്യവസായ ശാലകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ അടക്കമുള്ളവയുടെ കാര്യത്തിലും ആശങ്കയ്‌ക്ക്‌ ഇട നല്‍കുന്നുണ്ട്‌.