പങ്കാളിത്ത പെന്‍ഷന്‍ പിന്മാറ്റം വന്‍ബാധ്യതയെന്ന് സാമ്ബത്തിക സമിതി; റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുക ഒരു മാസത്തിനുള്ളില്‍; പരിഹാരത്തിന് സമിതി മുന്നോട്ട് വെക്കുന്നത് അഞ്ചോളം നിര്‍ദ്ദേശങ്ങള്‍

പങ്കാളിത്ത പെന്‍ഷന്‍ പിന്മാറ്റം വന്‍ബാധ്യതയെന്ന് സാമ്ബത്തിക സമിതി; റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുക ഒരു മാസത്തിനുള്ളില്‍; പരിഹാരത്തിന് സമിതി മുന്നോട്ട് വെക്കുന്നത് അഞ്ചോളം നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് താങ്ങാനാകാത്ത സാമ്ബത്തിക ബാധ്യത വരുത്തുമെന്നും അപ്രായോഗികമാണെന്നും വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിനു കൈമാറും. പദ്ധതി പിന്‍വലിക്കുക പ്രായോഗികമല്ലെന്നാണു സര്‍ക്കാരിന്റെയും നിലപാട്. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതു കൂടി കണക്കിലെടുത്താകും രാഷ്ട്രീയ തീരുമാനം.

കേന്ദ്ര നിയമപ്രകാരം ആരംഭിച്ച പദ്ധതിയില്‍ നിന്നു കേരളത്തിനു പിന്മാറാനാകില്ല, നിക്ഷേപം പിന്‍വലിച്ചാല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടിവരും,പദ്ധതിയില്‍ നിന്നു പിന്മാറാന്‍ മറ്റു ചില സംസ്ഥാനങ്ങള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നിവയാണ് പദ്ധതിയില്‍നിന്നു പിന്മാറാന്‍ കഴിയാത്തതിനു വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്ന മറ്റു കാരണങ്ങള്‍

പങ്കാളിത്ത പെന്‍ഷനിലെ 10% സര്‍ക്കാര്‍ വിഹിതം കേന്ദ്രത്തിലേതു പോലെ 14% ആക്കുക, ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തുക, പെന്‍ഷന്‍ ഫണ്ടിലെ ഏറ്റക്കുറച്ചിലുകള്‍ അറിയാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവച്ചേക്കും.

അതേസമയം തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 58 ല്‍ നിന്ന് 60 ആയി ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്ന കരടു തോട്ടം നയം സര്‍ക്കാര്‍ അംഗീകരിച്ചു. തോട്ടം തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളില്‍ പുതുക്കി നിശ്ചയിക്കും. തോട്ടങ്ങളില്‍ വിനോദ സഞ്ചാര പദ്ധതികള്‍ അനുവദിക്കും. എന്നാല്‍ ഇവ നടപ്പിലാക്കുമ്ബോള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നു വ്യതിചലിക്കാനോ തോട്ടത്തിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താനോ അനുവദിക്കില്ല. തോട്ടവിളകള്‍ക്ക് ന്യായ വില ഉറപ്പാക്കാനും ഇടപെടലുണ്ടാവും.ഇടവിള, മിശ്രവിള കൃഷികളും അനുവദിക്കും. പച്ചക്കറി, ഔഷധം, തേനീച്ച, ക്ഷീര കൃഷികള്‍ പ്രോത്സാഹിപ്പിക്കും.ടീ ബോര്‍ഡ്, റബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവ ഉള്‍പ്പെട്ട കോഓര്‍ഡിനേഷന്‍ സമിതി രൂപീകരിക്കും തുടങ്ങിയവയാണ് കരടു നയത്തിലെ പ്രധാനപ്പെട്ടവ