ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കും; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സപ്ലൈകോ

ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കും; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുളള തയ്യാറെടുപ്പുകള്‍ നടക്കുന്നതിടെ ജീവനക്കാര്‍ക്ക് സപ്ലൈകോ ജനറല്‍ മാനേജരുടെ മുന്നറിയിപ്പ്. ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നല്‍കിയ മാ‍ര്‍‍ഗനിര്‍‍ദ്ദേശത്തിലാണ് ജനറല്‍ മാനേജര്‍ ആര്‍ രാഹുലിന്റെ നിര്‍ദ്ദേശം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തുരങ്കം വയ്‌ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സൂചന. വിതരണം അവതാളത്തിലാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടത്താന്‍ സാദ്ധ്യതയുളളതിനാല്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് കത്തില്‍ ജനറല്‍ മാനേജര്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷമാണ് ഭക്ഷ്യ കിറ്റ് മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒന്നാം ഘട്ടത്തില്‍ കിറ്റില്‍ ഉള്‍പ്പെട്ട ശര്‍ക്കരക്കും പപ്പടത്തിനും ഗുണനിവാരമില്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. വീണ്ടും ഇത്തരം ആക്ഷേപങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്ബുണ്ടായാല്‍ സൗജന്യവിതരണത്തിന്റെ നിറം കെടുത്തുമെന്നതിനാലാണ് മുന്നറിയിപ്പ്. എന്നാല്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ മാര്‍ഗനിര്‍ദ്ദേശമെന്ന് വ്യക്തമാക്കാന്‍ ജനറല്‍ മാനേജര്‍ തയ്യാറായിട്ടില്ല.

ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്‌ത് സമയബന്ധിതമായി റേഷന്‍ കടകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. സപ്ലൈകോ ടെന്‍ഡര്‍ വഴി വാങ്ങുന്ന സാധനങ്ങളില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ പ്രാദേശികമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ റീജിയണല്‍ മാനേജര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസം വരുത്താനോ റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കുന്നതില്‍ അട്ടിമറി നടത്താനോ സാദ്ധ്യത മുന്നില്‍ കണ്ടാണ് ജനറല്‍ മാനേജര്‍ രാഹുലിന്റെ മുന്നറിയിപ്പെന്നാണ് വിവരം.