ആനയ്‌ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
ചെന്നൈ: തമിഴ്‌നാട്ടിലെ മസനഗുഡിയില്‍ ആനയ്‌ക്കെതിരെ കൊടുംക്രൂരതയുമായി റിസോര്‍ട്ടിലെ ജീവനക്കാര്‍. ആനയ്ക്ക് നേരെ ഇവര്‍ ടയര്‍ കത്തിച്ചെറിഞ്ഞു. ക്രൂരമായ ആക്രമണത്തില്‍ ആന ചെരിഞ്ഞിരിക്കുകയാണ്. ആനയുടെ ചെവിയില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. വനപാലകരാണ് ഗുരുതരമായി പരിക്കേറ്റ ആനയെ കണ്ടെത്തിയത്. ഇവര്‍ മുതുമല റേഞ്ചില്‍ ചികിത്സയ്ക്കായി എത്തിക്കും മുമ്ബ് ആന ചെരിഞ്ഞിരുന്നു. രാത്രിയില്‍ റിസോര്‍ട്ടിലേക്ക് എത്തിയ ആനയുടെ നേര്‍ക്കാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ആനയ്ക്ക് നേരെ റിസോര്‍ട്ട് ജീവനക്കാര്‍ ടയര്‍ കത്തിച്ചെറിയുകയായിരുന്നു. മസ്തകത്തില്‍ പതിച്ച ടയറുമായി കാട്ടിലേക്ക് ഓടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും പിന്നീട് ചെരിയുകയുമായിരുന്നു. കത്തി കൊണ്ടിരുന്ന ടയറില്‍ നിന്ന് തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്‌കമാകെ പടര്‍ന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പൊള്ളലേറ്റ് ആനയ്ക്ക് പലയിടത്തും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
കത്തിയെരിഞ്ഞ ടയര്‍ ദേഹത്ത് ഒട്ടിയ നിലയില്‍ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മേഖലയില്‍ കാട്ടാനകളും വന്യജീവികളും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. റെയ്മണ്ട്, പ്രശാന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റെയ്മണ്ട് റിസോര്‍ട്ട് ഉടമയാണ്. പ്രശാന്ത് ഇവിടെയുള്ള സ്റ്റാഫാണ്. അതേസമയം പരിശോധനയില്‍ ഇവരുടെ മൊബൈലില്‍ ആനയുടെ ദേഹത്തേക്ക് ടയര്‍ കത്തിച്ച് എറിയുന്നതിന്റെ വീഡിയോ കണ്ടെത്തിയിട്ടുണ്ട്.
ദാരുണദൃശ്യം വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആനയുടെ ചെവിയിലാണ് കത്തി കൊണ്ടിരിക്കുന്ന ടയര്‍ പതിച്ചത്. പിന്നാലെ തന്നെ അലറി കൊണ്ട് ആന ഇവിടെ നിന്ന് ഓടിപ്പോകുന്നുണ്ട്. ആനയെ ഭയപ്പെടുത്താനാണ് റിസോര്‍ട്ട് ജീവനക്കാര്‍ ശ്രമിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തീ കൊണ്ടുള്ള എന്തെങ്കില്‍ എറിയാനായിരുന്നു തീരുമാനിച്ചത്. സാധാരണ എന്തെങ്കിലും ആയിരുന്നെങ്കില്‍ അത് ആനയുടെ ദേഹത്ത് തട്ടി നിലത്തേക്ക് വീഴുമായിരുന്നു. എന്നാല്‍ ടയറായത് കൊണ്ട് ഇത് ഒട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു. പിന്നീട് ഒരു ഡാമിന് അടുത്താണ് ഈ ആനയെ കണ്ടെത്തിയത്. ഒരുപാട് രക്തം നഷ്ടമായത് കൊണ്ട് മരണം കാരണമായെന്നാണ് വിലയിരുത്തല്‍.
Comments (0)