മൂടിവച്ചതെല്ലാം ലോകത്തോട് വിളിച്ചുപറഞ്ഞു, മാദ്ധ്യമപ്രവര്‍ത്തകയോട് പ്രതികാരം ചെയ്ത് ചൈനീസ് ഭരണകൂടം, മാസങ്ങള്‍ക്കിപ്പുറം കോടതിയില്‍ ഹാജരാക്കി
വുഹാന്‍: രാജ്യത്തെ കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറംലോകമറിയാതിരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ചില മാദ്ധ്യമപ്രവര്‍ത്തകരെ അധികൃതര്‍ തടവിലാക്കിയിരുന്നു. അവരിലൊരാളാണ് അഭിഭാഷക കൂടിയായ ഷാങ് ഫാങ്.
തടവിലാക്കപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ഷാങ്ങിനെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കി. അവരെ കൊണ്ടുവരുന്നതറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ ഷാങ്ഹായ് പുഡോംഗ് ന്യൂ ഡിസ്ട്രിക് പീപ്പിള്‍സ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് ഇവരോടെല്ലാം പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനാ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘം ചൈനയിലെത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്ബാണ് വിചാരണ നടക്കുന്നത്.
അഞ്ചു വര്‍ഷത്തേക്കാണ് മുപ്പത്തേഴുകാരിയായ ഷാങ്ങിനെ സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്ത് വലിയ തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഷാങ് എത്തിയിരുന്നു.കൊവിഡ് ബാധിതരുടെയും കുടുംബാംഗങ്ങളുടെയും ദുരിതം നേരില്‍ക്കണ്ട് വാര്‍ത്തയാക്കുകയും, അത് പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് ചൈനീസ് അധികൃതരെ പ്രതിസന്ധിയിലാക്കി.
മേയ് 14 മുതല്‍ ഷാങ്ങിനെ കാണാതായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സന്നദ്ധ സംഘടന (സി.എച്ച്.ആര്‍.ഡി) ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ജൂണ്‍ അവസാനത്തോടെയാണ് ഇവരെ തടവിലാക്കിയെന്ന വിവരം പൊലീസ് അറിയിച്ചത്.
ഷാങ് ജയിലില്‍ നിരാഹാരത്തിലായിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി മോശമായതായി റിപ്പോട്ടുകളുണ്ട്. വുഹാനില്‍ നിന്ന് കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് അധികൃതര്‍ തടവില്‍വച്ചിരിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരില്‍ ആദ്യം വിചാരണ നേരിടുന്ന വ്യക്തിയാണ് ഷാങ്.



Author Coverstory


Comments (0)