പുതുവത്സരാഘോഷം; മുന്നറിയിപ്പുമായി റൂറൽ പോലീസ്
മൂവാറ്റുപുഴ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുതുവത്സര ആഘോഷം നടത്തിയാൽ കർശന നടപടിയെന്ന് റൂറൽ ജില്ലാ പോലീസ്.
ആഘോഷം സമാധാനപരമായി നടക്കുന്നതിന് വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അറിയിച്ചു. സുരക്ഷയ്ക്കായി 1,600 ഓളം പോലീസ് ഉദ്യോഗസ്ഥരെ പുതുവത്സര തലേന്ന് മുതൽ പകലും രാത്രിയുമായി ഡ്യൂട്ടിക്ക് നിയോഗിക്കും. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനോ പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനോ പടക്കം പൊട്ടിക്കുന്നതിനോ അനുവാദമില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള കർശന നടപടി സ്വീകരിക്കും. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊർജിതമാക്കും.മദ്യവിൽപ്പന ശാലകളിൽ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ വിൽപ്പന അനുവദിക്കൂ. ഇതു പോലീസ് കർശനമായി നിരീക്ഷിക്കും. പൊതുസ്ഥലങ്ങളിലും ബീച്ചുകളിലും പാർക്കുകളിലും മറ്റും മദ്യപിക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിതാ പോലീസ് ഉൾപ്പെടെ ഉദ്യോഗസ്ഥർ മഫ്തിയിലും ഡ്യൂട്ടിക്ക് ഉണ്ടാകും.
ലഹരിപദാർഥങ്ങളുടെ വിപണനവും, ഉപയോഗവും തടയുന്നതിനും നടപടി എടുക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിലും പാർക്കുകളിലും മറ്റ് ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കും. നാളെ വൈകിട്ട് മുതൽ എറണാകുളം റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പോലീസ് ബന്തവസ്, പ്രത്യേക പോലീസ് പട്രോളിങ് എന്നിവയുണ്ടാകും. വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുന്നതിനായി ക്യാമറകളുടെ സഹായത്തോടെ വാഹന പരിശോധനകളും ഇന്റർസ്പെക്ടർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും നടക്കും.
വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെ ശല്യപ്പെടുത്തുന്നത് തടയുന്നതിനായി മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ ബീച്ചുകളിലും മറ്റ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം. രാത്രിയിൽ അനുവദനീയമായ സമയത്തിനുശേഷം ആളുകളെ ബീച്ചിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. ഡി.ജെ പാർട്ടികളും മറ്റും ഒഴിവാക്കി സഹകരിക്കണം. ചെറിയ കുട്ടികൾ പ്രായമായവർ എന്നിവരെ ന്യൂയർ ആഘോഷങ്ങൾക്കായി കൊണ്ടുവരുന്നത് കോവിഡിനെ പശ്ചാത്തലത്തിൽ ഒഴിവാക്കേണ്ടതാണ്. ഇത് അവഗണിക്കുന്നവരെ തിരിച്ചയയ്ക്കും.
പൊതുനിരത്തുകളിൽ കാർ റൈസിംഗ് മോട്ടോർ ബൈക്ക് റേസിംഗ് ആൾട്ടറേഷൻ ബൈക്ക് ഉപയോഗിച്ചുള്ള റൈഡിങ് എന്നിവ കണ്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യും. കോവിഡ് വ്യാപനം കൂടുന്നതിന്റെയും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷ വേളയിൽ എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്ന് എസ്. പി കെ കാർത്തിക് പറഞ്ഞു.
Comments (0)