പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിയമനാധികാരികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രിസഭായോഗം

പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിയമനാധികാരികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.  ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.

പിഎസ്‌സിയിലൂടെ നടത്തുന്ന നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളടെ അഞ്ചിരട്ടിയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്‌സി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണ്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്. ഇത് കണക്കിലെടുത്താണ് തടസ്സങ്ങള്‍ നീക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്.

പ്രൊമോഷന് അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പ്രൊമോഷന്‍ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷന്‍ തസ്തികകള്‍ പിഎസ്‌സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് താല്‍ക്കാലികമായി ഡീ-കേഡര്‍ ചെയ്ത നടപടി ഭേദഗതി ചെയ്യും. ഈ നടപടികള്‍ പത്തു ദിവസത്തിനകം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.