ആദ്യ വെര്‍ച്വല്‍ സൗന്ദര്യ മത്സരം; കോഴിക്കോട് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി എറിന്‍ ലിസ് ജോണ്‍ മിസ് കേരളയായി

ആദ്യ വെര്‍ച്വല്‍ സൗന്ദര്യ മത്സരം; കോഴിക്കോട് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി എറിന്‍ ലിസ് ജോണ്‍ മിസ് കേരളയായി

കോഴിക്കോട്: വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ ആദ്യമായി നടന്ന സൗന്ദര്യമത്സരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി എറിന്‍ ലിസ് ജോണ്‍ മിസ് കേരള വിജയി. യു.എസില്‍ നിന്ന് പങ്കെടുത്ത ആതിരാ രാജീവ്, കണ്ണൂരില്‍നിന്നുള്ള അശ്വതി നമ്ബ്യാര്‍ എന്നിവരാണ് ഒന്നും രണ്ടും റണ്ണറപ്പുകള്‍.

കോവിഡ് സാഹചര്യത്തില്‍ രണ്ടുഘട്ടമായാണ് സൗന്ദര്യമത്സരം നടത്തിയത്. നവംബറില്‍ നടന്ന ആദ്യഘട്ടത്തില്‍ നൂറും ജനുവരിയിലെ രണ്ടാം റൗണ്ടില്‍ 50 പേരും മാറ്റുരച്ചു. പതിനൊന്നുപേരാണ് അന്തിമറൗണ്ടില്‍ മത്സരിച്ചത്.

ലോക്ഡൗണ്‍ എങ്ങനെയാണ് ബന്ധങ്ങളെ സ്വാധീനിച്ചത് എന്നതായിരുന്നു ചോദ്യം.''ലോക്ഡൗണില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമായെന്നും സ്വയം തിരിച്ചറിയാനും വ്യക്തിപരമായ ഇഷ്ടാനിഷ്ടം മനസ്സിലാക്കാനും സാധിച്ചുവെന്നുമായിരുന്നു എന്റെ ഉത്തരം'' -എറിന്‍ ലിസ് ജോണ്‍ പറഞ്ഞു. ഡോ. ടി. രാജന്‍ ജോണിന്റെയും ഡോ. രേഖാ സക്കറിയാസിന്റെയും മകളാണ്. സഹോദരന്‍ ഡോ. കെവിന്‍ റോബി ജോണ്‍.