കൊച്ചി ഉണരുന്നു ഒപ്പം വിനോദ സഞ്ചാരികളും...
കൊച്ചി: ഡിസംബറിന്റെ വരവ് വിനോദസഞ്ചാര മേഖലക്ക് എക്കാലവും പ്രതീക്ഷയുടേതാണ്. മഞ്ഞിന്റെ കുളിരില്‍ ഉണരുന്ന പ്രഭാതം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ഉണര്‍വേകുന്നതായിരുന്നു. കോവിഡില്‍ നിശ്ചലമായ മേഖല പച്ചപിടിച്ച് തിരിച്ചുവരവിന്റെ പാതയിലാണ്. ജില്ലയിലെ ബീച്ചുകളും മലയോര മേഖലകളും പുലര്‍കാലം മുതല്‍ സജീവമാണ്. സ്കൂള്‍, കോളജ് വിനോദസഞ്ചാര സംഘങ്ങളുടെ അസാന്നിധ്യമുണ്ടെങ്കിലും കുടുംബസംഘങ്ങള്‍ കൂടുതലായി എത്തുന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. അവധി ദിവസങ്ങളില്‍ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി വിജയകുമാര്‍ പറഞ്ഞു.
ബോട്ട് യാത്രകള്‍ ആസ്വദിച്ച് സഞ്ചാരികള്‍
നഗരത്തില്‍ നിരവധി സഞ്ചാരികള്‍ എത്തുന്ന മറൈന്‍ ഡ്രൈവ് കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചലമായിരുന്നു. മേഖല സജീവമായതോടെ ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. രാവിലെ മുതല്‍ മറൈന്‍ ഡ്രൈവില്‍ സഞ്ചാരികള്‍ സജീവമാണ്. ദിവസവും 250 മുതല്‍ 300 പേര് വരെയാണ് ഇപ്പോള്‍ ബോട്ടിങ്ങിന് എത്തുന്നതെന്ന് മറൈന്‍ ഡ്രൈവ് ബോട്ട് ഓണേഴ്സ് അസോസിയേഷന് പ്രതിനിധി സാജു പറഞ്ഞു.
കോവിഡിന് മുന്‍പ് ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നെന്നത് ശ്രദ്ധേയമാണ്. കോവിഡുകാലത്ത് നിറംമങ്ങിയ ടൂറിസം പതിയെ തിരിച്ചുവരുന്നത് അവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. നാലുപേര്‍ക്കുവരെ കയറാവുന്ന സ്പീഡ് ബോട്ടുകളും കൂടുതല്‍ ആളുകളെ കയറ്റുന്ന വലിയ ബോട്ടുകളും ഇവിടെയുണ്ട്.
വെള്ളത്തില്‍ കളിക്കാം, ബീച്ചുകളില്‍ തിരക്കേറി
ഫോര്‍ട്ട്കൊച്ചി, ചെറായി, മുനമ്ബം, കുഴുപ്പിള്ളി ബീച്ചുകളില്‍ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മുനമ്ബത്ത് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലുമായി സഹകരിച്ച് വാട്ടര്‍ സ്പോര്‍ട്സ് ആക്ടിവിറ്റികള്‍ ആരംഭിച്ചതോടെ നിരവധി ആളുകള്‍ കടല്‍ ആസ്വദിക്കാന്‍ എത്തുന്നുണ്ട്. കാറ്റിന്റെ ഗതിക്ക് അനുസരിച്ച് കടലില്‍ സഞ്ചരിക്കുന്ന കറ്റമറാനില് ആറുപേര്‍ക്ക് യാത്ര ചെയ്യാം. കടലില്‍ നാലുമുതല്‍ അഞ്ച് കി.മീ. വരെ സഞ്ചരിക്കാം.
Comments (0)