സ്വകാര്യ കമ്പനികളിൽ നിന്ന് മലിനജലം ഒഴുകുന്നു

കൊച്ചി: മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്ന് മാലിന്യം കലർന്ന ജലം പുറത്തേക്ക് ഒഴുകുന്നതായി മലിനീകരണ നിയന്തണ ബോർഡ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിർദേശാനുസരണം മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കമ്പനികളിൽ നിന്നും പുറന്തള്ളുന്ന വിഷ പദാർത്ഥങ്ങൾ മണ്ണിനും മനുഷ്യനും ജീവഹാനിക്ക് കാരണമാകുന്നു എന്നാരോപിച്ച് പ്രദേശവാസിയായ എബി കുഞ്ഞുമോൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ പരിശോധനക്ക് നിർദേശം നൽകിയത്.ഒ ഇ എൻ ഇന്ത്യ,ഐ.ഒ എൻ എന്നീ കമ്പനികളിലാണ് പരിശോധന നടത്തിയത്. മലിനജലട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.ശുദ്ധീകരിച്ച ജലത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.ഒ എൻ ഇന്ത്യ എന്ന കമ്പനിയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പരിശോധന നടത്തുന്ന ലാബിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ കൂടുതൽ പഠനത്തിന് മൂന്നുമാസം സമയം വേണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്പനികളുടെ മാലിന്യ സംസ്കരണം സംബന്ധിച്ച റിപ്പോർട്ട് ഓരോ മാസവും മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കുന്നുണ്ടെന്ന് ചോറ്റാനിക്കര പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.