പങ്കാളിത്ത പെൻഷൻ; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: കെഎസ്ആർടിസിയിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ജീവനക്കാരിൽ നിന്ന് പിടിച്ചതടക്കം 125 കോടിയോളം രൂപ പെൻഷൻ ഫണ്ടിലടയ്ക്കാത്തത് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. പ്രശ്നത്തിൽ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി കെഎസ്ആർടിസി യോട് ആവശ്യപ്പെട്ടു. കെഎസി സംഘിന്റെ (ബിഎംഎസ്) ഹർജിയിലാണ് നിർദേശം.2013 ഏപ്രിൽ ഒന്നിന് സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് പങ്കാളിത്ത പെൻഷന് അർഹതയുള്ളതാണ്. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന 10 ശതമാനം വിഹിതവും കോർപ്പറേഷന്റെ തുല്യ വിഹിതവും പെൻഷൻ ഫണ്ടിൽ ചേർക്കണമെന്നാണ് ചട്ടം. എന്നാൽ അടവ് മുടങ്ങി 175 കോടിയോളം രൂപ കുടിശികയായി.പെൻഷൻ ഫണ്ടിലേക്ക് തുക അടയ്ക്കാത്തത് ഫണ്ടിന്റെ വളർച്ചയെ ബാധിക്കുമെന്നും ഭാവിയിൽ പെൻഷൻ കുറയുമെന്നും ജീവനക്കാരിൽ ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്കി സംഘ് ഹൈക്കോടതിയെ സമീപിച്ചത്.ഇതിനുപുറമെ ജീവനക്കാർക്ക് നഷ്ടപ്പെട്ട സീനിയോറിറ്റിയുടെയും സാമ്പത്തിക നഷ്ടവും നികത്താൻ സർക്കാർ തയാറാകണമെന്ന് സംഘ് പറഞ്ഞു.മുഖ്യമന്ത്രി രണ്ട് മാസം മുൻപ് പ്രഖ്യാപിച്ച പുനരുജ്ജീവന പാക്കേജിൽ 255 കോടി രൂപയുടെ സഹായം വാഗ്ദാനംചെയ്തിട്ടുണ്ട്. ഈ പണം ലഭിച്ചാൽ പങ്കാളിത്ത പെൻഷൻ തുക പൂർണമായും അടച്ചുതീർക്കാമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. ഇക്കാര്യങ്ങൾ കോടതിയിൽ പറഞ്ഞ് തത്കാലം രക്ഷപ്പെടാനാണ് കെഎസ്ആർടിസിയുടെ നീക്കം.