കസ്‌റ്റംസ്‌ കടുപ്പിച്ചു, സര്‍ക്കാര്‍ വഴങ്ങി; സ്‌പീക്കറുടെ സെക്രട്ടറി അയ്യപ്പന്‍ ഇന്ന്‌ ചോദ്യം ചെയ്യലിനെത്തും

കസ്‌റ്റംസ്‌ കടുപ്പിച്ചു, സര്‍ക്കാര്‍ വഴങ്ങി; സ്‌പീക്കറുടെ സെക്രട്ടറി അയ്യപ്പന്‍ ഇന്ന്‌ ചോദ്യം ചെയ്യലിനെത്തും

കൊച്ചി: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്നു കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസില്‍ ചോദ്യംചെയ്യലിനു ഹാജരാകും. വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട്‌ അയ്യപ്പനെ ചോദ്യംചെയ്യുന്നതു പരമാവധി വൈകിക്കാന്‍ ശ്രമം നടന്നെങ്കിലും കസ്‌റ്റംസിന്റെ ശക്‌തമായ നിലപാടിനു മുന്നില്‍ രാഷ്‌ട്രീയ നേതൃത്വം മുട്ടുമടക്കുകയായിരുന്നു.
ഹാജരാകാന്‍ ആദ്യം ഫോണിലൂടെ ആവശ്യപ്പെട്ടപ്പോള്‍ രേഖാമൂലമല്ലെന്നു വാദിച്ച്‌ വിട്ടുനിന്നു. പിന്നീട്‌ ഓഫീസിലേക്ക്‌ ഇ-മെയില്‍ സന്ദേശമയച്ചെങ്കിലും നിയമസഭ ചേരാനിരിക്കെ സ്‌പീക്കറുടെ ഓഫീസിനും സ്‌റ്റാഫിനും നിയമപരിരക്ഷ ഉണ്ടെന്നു നിയമസഭാ സെക്രട്ടറിയുടെ കത്താണ്‌ കസ്‌റ്റംസിനു ലഭിച്ചത്‌. സ്‌പീക്കറുടെ സ്‌റ്റാഫാണെങ്കിലും ക്രിമിനല്‍ കേസില്‍ ചോദ്യംചെയ്യാന്‍ സ്‌പീക്കറുടെ മുന്‍കൂര്‍ അനുമതി വേണ്ടെന്നു നിയമോപദേശം ലഭിച്ച കസ്‌റ്റംസ്‌ അയ്യപ്പന്റെ വീട്ടുവിലാസത്തില്‍ നോട്ടീസ്‌ നല്‍കി. അതോടെയാണു ഹാജരാകാന്‍ തീരുമാനിച്ചത്‌.
കെ. അയ്യപ്പന്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണെന്നും ചോദ്യംചെയ്യണമെങ്കില്‍ സ്‌പീക്കറുടെ അനുമതി വേണമെന്നും നിയമസഭാ സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പന്‌ എതിരേയുള്ള ആരോപണം സ്വകാര്യവിഷയമാണെന്നും നിയമസഭയുമായി ബന്ധമുള്ളതല്ലെന്നും കസ്‌റ്റംസ്‌ പറയുന്നു. സ്‌പീക്കറുടെ പഴ്‌സണല്‍ സ്‌റ്റാഫിനു കേരള നിയമസഭാ ചട്ടം 165 ബാധകമല്ലെന്നും ഈ ചട്ടം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നും കസ്‌റ്റംസ്‌ വ്യക്‌തമാക്കിയെന്നാണു സൂചന.
തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുല്‍ ജനറലിന്റെയും അഡ്‌മിന്‍ അറ്റാഷെയുടെയും ഡ്രൈവര്‍മാരെ തിങ്കളാഴ്‌ച ചോദ്യംചെയ്‌തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അയ്യപ്പനെ വിളിപ്പിക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ അതു പരമാവധി വൈകിപ്പിക്കാനാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായത്‌. എന്നാല്‍, പിറ്റേന്നു ഹാജരാകാന്‍ നിര്‍ദേശിച്ച്‌ നോട്ടീസ്‌ നല്‍കിയതിലാണ്‌ അപാകതയെന്നും നിയമസഭാ സമ്മേളനമുള്ളതിനാല്‍ സ്‌പീക്കറുടെ സ്‌റ്റാഫിനു മാറിനില്‍ക്കാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ്‌ കത്തെഴുതിയതെന്നുമാണു നിയമസഭാ സെക്രട്ടറിയുടെ നിലപാട്‌.
സ്‌പീക്കര്‍ക്കു പരിരക്ഷയുള്ളതിനാല്‍, സ്‌റ്റാഫിനെ ചോദ്യംചെയ്യുമ്ബോള്‍ അദ്ദേഹത്തെ അറിയിക്കേണ്ടതാണെന്നാണു നിയമവിദഗ്‌ധര്‍ പറയുന്നത്‌. സ്‌പീക്കറുടെ നിലപാട്‌ അന്വേഷണ ഏജന്‍സിക്കു സ്വീകരിക്കുകയോ തള്ളുകയോ ആവാം. എന്നാല്‍, ഒരുഘട്ടം കഴിഞ്ഞാല്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്ന നിയമോപദേശത്തിന്റെ വെളിച്ചത്തിലാണു നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നുതന്നെ ഹാജരാകാന്‍ തീരുമാനിച്ചത്‌. സഭയില്‍ പ്രതിപക്ഷം സ്‌പീക്കറെ ആക്രമിക്കുന്നതിന്റെ കാഠിന്യം കുറയ്‌ക്കാന്‍ ഇതുപകരിക്കുമെന്ന്‌ സര്‍ക്കാര്‍ കരുതുന്നു.