നെടുങ്കണ്ടം കസ്‌റ്റഡി മരണം; പോലീസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിടാന്‍ ശിപാര്‍ശ

നെടുങ്കണ്ടം കസ്‌റ്റഡി മരണം; പോലീസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിടാന്‍ ശിപാര്‍ശ

തിരുവനന്തപുരം: ഇടുക്കി, നെടുങ്കണ്ടത്തെ രാജ്‌കുമാര്‍ കസ്‌റ്റഡി മരണക്കേസില്‍ ഉത്തരവാദികളായ പോലീസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിടണമെന്നു റിട്ട. ജസ്‌റ്റിസ്‌ നാരായണക്കുറുപ്പ്‌ കമ്മിഷന്‍ ശിപാര്‍ശ. കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസിനു രൂക്ഷവിമര്‍ശം. കസ്‌റ്റഡി മര്‍ദനം മൂലമാണു രാജ്‌കുമാര്‍ മരിച്ചതെന്നു റിപ്പോര്‍ട്ട്‌ സ്‌ഥിരീകരിക്കുന്നു. പോലീസിന്റെ നിയമലംഘനങ്ങള്‍ എണ്ണിപ്പറയുന്ന റിപ്പോര്‍ട്ടില്‍, പോസ്‌റ്റ്‌മോര്‍ട്ടം അട്ടിമറിക്കപ്പെട്ടെന്ന ഗുരുതരമായ കണ്ടെത്തലുമുണ്ട്‌.
വാഗമണ്‍ സ്വദേശിയായ രാജ്‌കുമാര്‍ കൊല്ലപ്പെട്ടതു നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനില്‍ ക്രൂരമര്‍ദനമേറ്റാണെന്നു കമ്മിഷന്‍ കണ്ടെത്തി. ചികിത്സയുടെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്കും വീഴ്‌ചയുണ്ടായി. കുറ്റക്കാര്‍ക്കെതിരേ ശക്‌തമായ നടപടി ശിപാര്‍ശ ചെയ്‌തതായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചശേഷം ജസ്‌റ്റിസ്‌ നാരായണക്കുറുപ്പ്‌ പറഞ്ഞു.
ഹരിത ഫിനാന്‍സ്‌ ചിട്ടിത്തട്ടിപ്പ്‌ കേസില്‍ 2019 ജൂണ്‍ 12-നാണ്‌ രാജ്‌കുമാറിനെ നെടുങ്കണ്ടം പോലീസ്‌ പിടികൂടിയത്‌. എന്നാല്‍ കസ്‌റ്റഡി രേഖപ്പെടുത്താതെ, പണം വീണ്ടെടുക്കാനെന്ന പേരില്‍ നാലുദിവസം ക്രൂരമായി മര്‍ദിച്ചു. പിന്നീട്‌, മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി പീരുമേട്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തു. ആരോഗ്യസ്‌ഥിതി വഷളായ രാജ്‌കുമാര്‍ ജൂണ്‍ 21-നു മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോലീസ്‌ വിശദീകരണം.
എന്നാല്‍, ഇതിനെതിരേ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലെ എസ്‌.ഐ. സാബു ഉള്‍പ്പെടെ ഏഴ്‌ പോലീസുകാര്‍ അറസ്‌റ്റിലായി. ജില്ലാ പോലീസ്‌ മേധാവി ഉള്‍പ്പെടെ ആരോപണവിധേയരായ കേസ്‌ പോലീസ്‌തന്നെ അന്വേഷിക്കുന്നതിനെതിരേ പരാതി ഉയര്‍ന്നതോടെയാണു ജൂലൈ നാലിനു ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്‌.