ഗുണ്ടാത്തലവന് ആറ്റിങ്ങല്‍ അയ്യപ്പന് രണ്ടു പതിറ്റാണ്ടിനുശേഷം പിടിയില്‍
ആറ്റിങ്ങല്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന് ആറ്റിങ്ങല്‍ അയ്യപ്പന് രണ്ടു പതിറ്റാണ്ടിനുശേഷം പിടിയില്‍. തമിഴ്നാട്ടിലെ തക്കല തൃക്കോവില്‍വട്ടം പുഷ്പഗിരി വീട്ടില്‍നിന്ന് ആറ്റിങ്ങല്‍ ബി.ടി.എസ് റോഡില്‍ സുബ്രഹ്മണ്യവിലാസത്തില്‍ (പാലസ് റോഡില്‍, ശബരി വീട്) താമസിച്ചിരുന്ന ആറ്റിങ്ങല്‍ അയ്യപ്പന് എന്നറിയപ്പെട്ടിരുന്ന ബിജു (50) ആണ് പിടിയിലായത്.
കൊലപാതകം, വധശ്രമം, മോഷണമടക്കം ഒട്ടനവധി കേസുകളില്‍ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ മേല്‍വിലാസമുപയോഗിച്ച് കരസ്ഥമാക്കിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍, ഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടുകള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്നുപോയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബംഗളൂരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറി മാറി ഒളിവില്‍ താമസിച്ചിരുന്നു. വിദേശത്ത് ബിസിനസുകള്‍ നടത്തിയിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും ഗുണ്ടാപിരിവും നടത്തിയിരുന്നു. ഇതിനും ഇയാളുടെ പേരില്‍ കേസുകളുണ്ട്.
കടയ്ക്കാവൂര്‍ കൊല്ലമ്ബുഴയില് മണിക്കുട്ടന് എന്നയാളെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും തിരുവനന്തപുരം സിറ്റിയില്‍ തിരുവല്ലത്ത് അമ്ബലത്തറ കല്ലുമൂട്ടില്‍ വെച്ച് അബ്ദുല്‍ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ബിജു. ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല, മെഡിക്കല്‍ കോളജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷന് പരിധികളിലെ വധശ്രമ കേസുകളടക്കം നിരവധി കേസുകളിലെയും പിടികിട്ടാപ്പുള്ളിയാണിയാള്‍.
ഗള്‍ഫില്‍ നിന്ന് നാട്ടിലുള്ളവരെ ഭീഷണിപ്പെടുത്തി പണം പിരിച്ചിരുന്നു. നല്കുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിപ്പിക്കുകയാണ് ചെയ്തിരുന്നത്. വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തുള്ളവരുമാണ് ഇതിന് ഇരയായിരുന്നത്. നിരവധി സംഭവങ്ങള്‍ പൊലീസിെന്റ അറിവില്‍ വന്നെങ്കിലും ആരും പരാതിപ്പെടാന്‍ തയാറായിരുന്നില്ല. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും പ്രതിക്ക് ലഭിച്ചിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ കാലമായി നേരിട്ട് അക്രമങ്ങള്‍ നടത്തിയിരുന്നില്ല. എങ്കിലും ഗുണ്ടാപിരിവ് സജീവമായിരുന്നു.
അയ്യപ്പന് പിടിയിലാകുന്നത് ദീര്‍ഘനാളത്തെ നിരീക്ഷണത്തിനൊടുവില്‍
ആറ്റിങ്ങല്‍: കുപ്രസിദ്ധ ഗുണ്ട ആറ്റിങ്ങല്‍ അയ്യപ്പന് പിടിയിലാകുന്നത് പൊലീസിെന്റ ദീര്‍ഘനാളത്തെ നിരീക്ഷണത്തിനൊടുവില്‍. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെന്റ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ചയായി നടത്തിയ വിദഗ്ധമായ നീക്കത്തിലൂടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്. പലപ്പോഴായി ഇന്ത്യയില്‍ വന്നുപോയെങ്കിലും വ്യാജ പാസ്പോര്ട്ടില് വരുന്നതിനാലും നേപ്പാള്‍ വഴി വാഹനത്തില്‍ വരുന്നതിനാലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സമീപ കാലത്ത് ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് സംബന്ധിച്ച് ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തില്‍ റൂറല്‍ എസ്.പി പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന്, ആറ്റിങ്ങല്‍ അയ്യപ്പന് എന്നറിയപ്പെട്ടിരുന്ന ബിജുവിെന്റ രഹസ്യ സങ്കേതങ്ങളും ഇന്ത്യയില്‍ വന്നാല്‍ ബന്ധപ്പെടുന്ന വ്യക്തികളെയും കണ്ടെത്തി. ഇവരെ നിരീക്ഷിച്ചാണ് കോട്ടയത്തെ സങ്കേതത്തില്‍നിന്ന് പൊലീസ് പിടിയിലായത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബി. ഗോപകുമാര്‍, എസ്.എച്ച്.ഒ ടി. രാജേഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ജ്യോതിഷ് ചിറവൂര്‍, പ്രത്യേക സംഘത്തിലെ സബ് ഇന്‍സ്പെക്ടര്‍ എം. ഫിറോസ്ഖാന്, എ.എച്ച്. ബിജു, എ.എസ്.ഐമാരായ ബി. ദിലീപ്, ആര്. ബിജുകുമാര്‍, സി.പി.ഒ സുധീര്‍, സുനില്‍രാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം പൊന്‍കുന്നത്തുള്ള ഒളിസങ്കേതത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കേസുകള്‍ തെളിയുമെന്നാണ് പൊലീസ് വിലയിരുത്തല്‍.
Comments (0)