ടിപി വധക്കേസ് പ്രതികൾക്ക് ‘മദ്യപാന’ സഹായം; പൊലീസുകാർക്ക് സസ്‌പെൻഷൻ

ടിപി വധക്കേസ് പ്രതികൾക്ക് ‘മദ്യപാന’ സഹായം; പൊലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം• ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിക്കു കണ്ണൂർ യാത്രയിൽ വഴിവിട്ടു സഹായം നൽകിയെന്ന ആരോപണത്തിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ. നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കണ്ണൂർ കോടതിയിൽ മറ്റു ചില കേസുകൾക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികൾക്കും എസ്കോർട്ട് ഡ്യൂട്ടിക്കു പോയ പൊലീസ് വഴിവിട്ടു സഹായം നൽകിയത്.
തിരുവനന്തപുരത്തുനിന്നുതന്നെ ഇവരെ സ്വീകരിച്ചു കൂട്ടികൊണ്ടു പോകാൻ കണ്ണൂരിൽനിന്നു കൂട്ടാളിയെത്തിയിരുന്നു. അപ്പോഴേ പ്രതികൾ മദ്യപിച്ചിരുന്നു. ആലപ്പുഴ, തൃശൂർ എന്നിങ്ങനെ പല റെയിൽവേ സ്റ്റേഷനിലും ഇവർക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചു. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു സേവ. ചില സ്റ്റേഷനിൽ എസി വിശ്രമ കേന്ദ്രത്തിലും പ്രതികൾ കയറി.
കൂടെ പോയ പൊലീസുകാർക്കും പ്രതികൾ ഭക്ഷണം നൽകി. എന്നാൽ പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പൊലീസിനെ അനുവദിച്ചില്ല. സാധാരണ യാത്രക്കാർ എന്ന പോലെയായിരുന്നു ഇവരുടെ സഞ്ചാരം. പൊലീസുകാർ ദൂരെ മാറി ഇരിക്കണം. മടക്കയാത്രയും ഇങ്ങനെ തന്നെ. ഇതു സ്ഥിരം ഏർപ്പാടാണെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി.
പ്രതികളെ സസ്പെൻഡ് ചെയ്ത കാര്യം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ സ്ഥിരീകരിച്ചു. മുൻപു മറ്റൊരു യാത്രയിൽ പ്രതികളുടെ ഇത്തരം നടപടിയെ ചോദ്യം ചെയ്ത ഹെഡ് കോൺസ്റ്റബിളിനെ കണ്ണൂരിലെത്തിയപ്പോൾ സഹ പൊലീസുകാർക്കു മുൻപിൽവച്ച് അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തിരുന്നു. അവിടെ കോടതിയിൽ സിപിഎം പ്രവർത്തകർ അടക്കം അൻപതിലധികം പേർ പ്രതികളെ കാണാനും ‘വേണ്ടതു ചെയ്യാനും’ എത്തുമെന്നതാണു രീതി. പൊലീസുകാർ എന്തെങ്കിലും ചെയ്താൽ പാർട്ടി സെക്രട്ടറിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ ഉടൻ ഇടപെടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.