ഉയിഗുര്‍ മുസ്ലീം സ്ത്രീകള്‍ക്ക് കൂട്ട ബലാത്സംഘം; ചൈനയ്ക്ക് അമേരിക്കന്‍ മുന്നറിയിപ്പ്

ഉയിഗുര്‍ മുസ്ലീം സ്ത്രീകള്‍ക്ക് കൂട്ട ബലാത്സംഘം; ചൈനയ്ക്ക് അമേരിക്കന്‍ മുന്നറിയിപ്പ്

വാഷിങ്ടന്‍: ചൈനയില്‍ ഉയിഗുര്‍ മുസ്ലിംകള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നതില്‍ ശക്തമായ മുന്നറിയിപ്പുമായി യുഎസ്. ഉയിഗുര്‍ ക്യാംപുകളില്‍ ആസൂത്രിതമായ ബലാത്സംഗങ്ങളും സ്ത്രീകളെ പീഡിപ്പിക്കുന്നതും സംബന്ധിച്ച റിപ്പോര്‍ട്ടിനു പിന്നാലെ ‘ഗുരുതരമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാകുമെന്നു യുഎസ് അറിയിച്ചു.

ചൈനീസ് ക്യാംപുകളിലെ അതിക്രമങ്ങളില്‍ യുഎസ് വളരെയധികം അസ്വസ്ഥമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. മുന്‍ തടവുകാരോടും ഒരു കാവല്‍ക്കാരനോടും സംസാരിച്ചു ബിബിസി തയാറാക്കിയ ലേഖനത്തോടുള്ള പ്രതികരണത്തിലാണു യുഎസിന്റെ നിലപാട് പ്രഖ്യാപനം. ബിബിസിയുടേതു തെറ്റായ റിപ്പോര്‍ട്ടാണെന്ന് ആരോപിച്ച് ബുധനാഴ്ച ചൈനയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
‘ഉയിഗുറുകള്‍ക്കും സിന്‍ജിയാങ്ങിലെ മറ്റു മുസ്ലിംകള്‍ക്കുമായുള്ള തടങ്കല്‍ ക്യാംപുകളില്‍ സ്ത്രീകള്‍ക്കെതിരായ ആസൂത്രിതമായ ബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളും സംബന്ധിച്ച സാക്ഷ്യപത്രമാണ് ആ റിപ്പോര്‍ട്ട്. ഇതു ഞങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഈ അതിക്രമങ്ങള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാര്‍ ക്രമേണ ഉയിഗുറുകളുടെ മതപരവും മറ്റുമായ സ്വാതന്ത്ര്യങ്ങള്‍ കവര്‍ന്നെടുക്കുമെന്നാണു മനുഷ്യാവകാശ സംഘടനകളുടെ നിഗമനം. വന്‍തോതിലുള്ള നിരീക്ഷണം, തടങ്കലില്‍ വയ്ക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയും നടപ്പാക്കുമെന്നു രാജ്യാന്തര സമൂഹം ഭയപ്പെടുന്നു.

എന്നാല്‍, സിന്‍ജിയാങ്ങിലെ ക്യാംപുകള്‍ തടങ്കല്‍പ്പാളയങ്ങളല്ലെന്നും ‘തൊഴില്‍ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍’ ആണെന്നുമാണു ചൈനയുടെ വാദം. പശ്ചിമ ചൈനയിലെ സംഘര്‍ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയില്‍ മുസ്ലിം വംശജര്‍ക്കെതിരായ അതിക്രമം ശക്തമായി തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. തടവിലാക്കപ്പെട്ട സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം പതിവായിരിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു.