ഭാര്‍ഗവരാമന്റെ മണ്ണിലേക്ക് യോഗി ആദിത്യനാഥ്; കെ. സുരേന്ദ്രന്‍‍ നയിക്കുന്ന കേരള യാത്ര യുപി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിജയ യാത്ര 21 മുതല്‍

ഭാര്‍ഗവരാമന്റെ മണ്ണിലേക്ക് യോഗി ആദിത്യനാഥ്; കെ. സുരേന്ദ്രന്‍‍ നയിക്കുന്ന കേരള യാത്ര യുപി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിജയ യാത്ര 21 മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കാസര്‍കോഡു നിന്നും 21 നാണ് കേരള യാത്ര ആരംഭിക്കുന്നത്. പുതിയ കേരളത്തിനായി വിജയ യാത്ര എന്നതായിരിക്കും മുദ്രാവാക്യം. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നതാണ് ബിജെപി ഈ യാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

വിജയ യാത്ര കടന്നു പോകുന്ന നൂറ് കേന്ദ്രങ്ങളില്‍ വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും യാത്രയില്‍ പങ്കെടുക്കും. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ചെയ്തികളെ തുറന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ചെറിയ മേല്‍ക്കൈ അഴിമതിക്കുള്ള അംഗീകാരമല്ല, കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് എല്‍ഡിഎഫിന് ഗുണമായത്. ചെറിയ വിജയത്തിന്റെ അഹങ്കാരത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും വെല്ലുവിളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ബിജെപി തുടക്കമിട്ടു കഴിഞ്ഞു.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പ്രകടന പത്രിക തയാറാക്കാനുള്ള കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി 10 മുതല്‍ 20 വരെ 140 മണ്ഡല കേന്ദ്രങ്ങളിലും പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കും. 13, 14 തീയതികളില്‍ എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ സമ്ബര്‍ക്കം നടത്തും. ദീനദയാല്‍ ഉപാധ്യായയുടെ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി 10, 11, 12 തീയതികളില്‍ എല്ലാ ബൂത്തുകളിലും സമ്മേളനങ്ങള്‍ നടത്തും.