അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഡോക്ടറുടെ അലംഭാവമാണ് കുഞ്ഞ് മരിക്കാന്‍ ഇടയായതെന്നാണ് ബന്ധുക്കളുടെ പരാതി. വിനീത്, രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ആശുപത്രി അധികൃതരോ സൂപ്രണ്ടോ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല. മരിച്ചു പോയ കുട്ടിയുടെ അമ്മൂമ്മ ഓമനയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അവര്‍ പറയുന്നതനുസരിച്ച് ബുധനാഴ്ചയാണ് യുവതിയെ പ്രസവത്തിനായി അടൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. മികച്ച സൗകര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി തന്നെയാണ് അടൂരിലേത്. സീറോ ഡെത്ത് ആണ് ആശുപത്രിയിലെ നവജാത ശിശു മരണനിരക്കിലുള്ളത്. വ്യാഴാഴ്ച പ്രസവവേദന അറിയിച്ചിട്ടും ഡോക്ടര്‍ എത്തിയില്ല. കഠിനമായ വേദന കൊണ്ട് പെണ്‍കുട്ടി കരഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും വിവരം അറിയിച്ചു. പക്ഷേ അപ്പോഴൊന്നും വേണ്ട ചികിത്സ ലഭ്യമാക്കാനോ ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാനോ തയ്യാറായില്ല. പിന്നീട് യുവതിക്ക് അനക്കമില്ല എന്ന് മാതാവ് തന്നെയാണ് ഡോക്ടറെയും നഴ്സുമാരെയും അറിയിച്ചത്. അതിനുശേഷം ഇവരുടെ ബന്ധുക്കളില്‍ നിന്ന് നിരവധി പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഒരു ഓപ്പറേഷന്‍ നടത്താന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലാണ് ഡോക്ടറിനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.
Comments (0)