N CP വീണ്ടും പിളരുമോ?
കൊച്ചി : പി.എസ്.സി നിയമനവുമായി ബന്ധപെട്ട് സാമ്പത്തിക ആരോപണം പുറത്തുവന്നതോടെ എൻസിപി കേരള ഘടകത്തിൽ കലഹം രൂക്ഷമായി. പി.എസ്.സി അംഗത്വം വിറ്റെന്നാരോപിച്ച് രംഗത്തുവന്ന ഒരുവിഭാഗം നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടി അധ്യക്ഷൻ ശരത് പവാറിന് പരാതി നൽകി. ഇതോടെ കേരള നേതാക്കളെ പാർട്ടി അദ്ധ്യഷൻ ശരത് പവാർ മുംബൈക്ക് വിളിപ്പിച്ചു. ഈ മാസം 5 നാണ് നേതാക്കളോട് എത്തിചേരാൻ പവാർ നിർദേശം നൽകിയത്.
വിവാദം പുറത്തുവന്നതോടെ അംഗത്വം ഇടതുമുന്നണിക്കും തലവേദനയാവുകയാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോക്കെതിരേയാണ് പി.എസ്.സി അംഗത്വം വിവാദത്തിലെ പ്രധാന ആരോപണം. കഴക്കൂട്ടം സ്വദേശിനിയായ ഒരു നവാഗതക്ക് അംഗത്വം വിറ്റു എന്നാരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ അനുകൂലികളാണ് രംഗത്തുവന്നത്. പി.എസ്.സി നിയമനവുമായി ബന്ധപെട്ട് ഇവിടെ എല്ലാ പാർട്ടി മാനദണ്ഡങ്ങളും
ലംഘിക്കപ്പെട്ടെന്ന് മുതിർന്ന നേതാവ് പറഞ്ഞു.
പാർട്ടിയുടെ വനിതാ വിഭാഗം സെക്രട്ടറിയെ പി.എസ്.സി അംഗമായി നോമിനേറ്റ് ചെയ്യാൻ എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ തീരുമാനിച്ചതിനെ തുടർന്നാണ് വിവാദം തുടങ്ങിയത്. അംഗത്വം ലക്ഷ്യമിട്ട് ആറ് മാസം മുമ്പാണ് ഇവർ പാർട്ടിയുടെ വനിതാ വിഭാഗത്തിൽ ചേർന്നതെന്നും എൻസിപിയുടെ മുഴുവൻ സമയ അംഗമല്ലെന്നും എതിർ വിഭാഗം പറയുന്നു.
പി.എസ്.സി അംഗമായി നാമനിർദ്ദേശം ചെയ്യുന്നതിനായി സംസ്ഥാന നേതാവിന്റെ അടുത്ത സഹായി ഈ സ്ത്രീയിൽ നിന്ന് 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ചില എൻസിപി നേതാക്കൾ ഉയർത്തുന്നത്. സംഭവം വിവാദമായതോടെ സർക്കാർ നിയമനം തടഞ്ഞതായാണ് വിവരം. ഇതിനോട് പ്രതികരിക്കാൻ എൻ സി പി സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
പി.എസ്.സി അംഗങ്ങളുടെ നാമനിർദേശം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് പി സി ചാക്കോ മുഖ്യമന്ത്രി പിണറായി
വിജയനുമായി നടത്തിയ കൂടിക്കാഴ്ചയും ഫലം കണ്ടില്ല.
പ്രശ്നം എൽഡിഎഫ് കൺവീനറുമായി ചർച്ച ചെയ്യാൻ പറഞ്ഞ് അദ്ദേഹം ഒഴിവായി. എൽഡിഎഫ് കൺവീനർ എ വിജയരാഘവനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ചാക്കോ കണ്ടെങ്കിലും പരിഹാരമായില്ല. പാർട്ടിയിലെ അതൃപ്തി ആദ്യം പരിഹരിക്കണമെന്ന് ഇരു നേതാക്കളും ചാക്കോയോട് പറഞ്ഞത്.
പി.എസ്.സി നോമിനി പാർട്ടിയുടെ മുഴുവൻ സമയ അംഗമായിരിക്കണം എന്നതാണ് എകെ ശശീന്ദ്രൻ വിഭാഗത്തിന്റെ നിലപാട്. ഇതിനിടെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ദേശീയ നേതൃത്വം ഇടപെടുകയും പി സി ചാക്കോ, എ കെ ശശീന്ദ്രൻ എന്നിവരടക്കം സംസ്ഥാനത്തെ നാല് മുതിർന്ന നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ശരദ് പവാറിനും എ കെ ശശീന്ദ്രനും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി 26ന് നടത്താനിരുന്ന യോഗം മാറ്റി വക്കുകയായിരുന്നു. ഈ യോഗമാണ് 5 ന് ചേരുക.



Author Coverstory


Comments (0)