ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ കേരള സര്‍വകലാശാലയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും

ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ കേരള സര്‍വകലാശാലയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം : ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ കേരള സര്‍വകലാശാലയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനവും ഇതിന്‍മേലുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സെനറ്റ് പ്രതിനിധി വൈകിയതിനെ തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വീസി യെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂപം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുന്‍പ് നാമനിര്‍ദേശം ചെയ്യണമെന്ന് കേരള വി സിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്. വീണ്ടും സെനറ്റ് യോഗം ചേരാന്‍ കഴിയില്ലെന്ന നിലപാടാണ് വിസി ഗവര്‍ണറെ അറിയിച്ചത്. ഏകപക്ഷീയമായി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ വീണ്ടുമൊരു സെനറ്റ് യോഗം വിളിക്കുന്നതില്‍ പ്രസക്തിയില്ലെന്നും വി സി മറുപടി നല്‍കിയിരുന്നു. എന്നാല്‍ വിസിയുടെ മറുപടിയില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.ഇതിനിടയിലാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരുന്നത്.ഗവര്‍ണറുടെ നിര്‍ദ്ദേശത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം സെനറ്റ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തില്ലെങ്കിലും പുതിയ വി സി യെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് രാജ് ഭവന്‍. വിസി നിയമനത്തിനുള്ള ആദ്യപടിയായിഅപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവി ക്കാന്‍ സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തമാസം കാലാവധി അവസാനിക്കുന്ന സെര്‍ച്ച് കമ്മറ്റി ആവശ്യമെങ്കില്‍ ഒരു മാസത്തേക്ക് കൂടി ഗവര്‍ണര്‍ക്ക് നീട്ടാം.