കാലിക്കറ്റിലെ സംവരണ അട്ടിമറി : നഷ്ടമായത് 34 അസിസ്റ്റന്റ്‌ പ്രോഫസര്‍ തസ്തികകള്‍

കാലിക്കറ്റിലെ സംവരണ അട്ടിമറി : നഷ്ടമായത് 34 അസിസ്റ്റന്റ്‌ പ്രോഫസര്‍ തസ്തികകള്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ അദ്ധ്യാപക നിയമനത്തില്‍ ബാക്ക് ലോഗ് (എന്‍.സി.എ ഒഴിവുകള്‍ ) റദ്ദാക്കിയതു കാരണം, വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടമായത് 34 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികള്‍. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് വിശ്വകര്‍മ്മ വിഭാഗത്തിനാണ്- എട്ട് തസ്തികള്‍. അദ്ധ്യാപക നിയമനത്തില്‍ സംവരണ വിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട അന്‍പതോളം എന്‍.സി.എ ഒഴിവുകള്‍ നികത്തേണ്ടതില്ലെന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ വന്ന ഈ ഒഴിവുകളെല്ലാം ഇനി ഓപ്പണ്‍ വിഭാഗത്തിലേക്ക് മാറും. അര്‍ഹതപ്പെട്ട സംവരണം കര്‍ശനമായി നടപ്പാക്കണമെന്ന യു.ജി.സി നിബന്ധന ഇതോടെ ലംഘിക്കപ്പെടുകയാണ്.

 അട്ടിമറി ഇങ്ങനെ

പി.എസ്.സിയില്‍ നിന്ന് വ്യത്യസ്തമായി, സര്‍വകലാശാലയിലെ അദ്ധ്യാപക തസ്തികയിലെ മുഴുവന്‍ ഒഴിവുകളും ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. പി.എസ്.സി വഴിയുള്ള കോളേജ് അദ്ധ്യാപക നിയമനത്തില്‍ ഓരോവിഷയവും ഓരോ യൂണിറ്റാണ്.

സര്‍വകലാശാലയിലെ അദ്ധ്യാപക തസ്തികയില്‍ ഒഴിവു വന്നാല്‍ ആ ദിവസം രേഖപ്പെടുത്തണം. അങ്ങനെ ഓരോ വിഷയത്തിലും രേഖപ്പെടുത്തുന്ന മുറയ്ക്കാണ് സംവരണം നല്‍കേണ്ടത്. ഉദാഹരണത്തിന്, 33ാം ഒഴിവ് ഭിന്നശേഷിക്കാര്‍ക്കെന്ന് കരുതുക. ആ ഒഴിവ് ഇംഗ്ളീഷിലാണെങ്കില്‍ അതില്‍ ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥിയെ വേണം നിയമിക്കാന്‍. എന്നാല്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവ് വന്ന ക്രമം രേഖപ്പെടുത്താറില്ല. അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്ബോള്‍ മറ്റെല്ലാ സര്‍വകലാശാലകളും ഏതെല്ലാം വിഷയങ്ങളിലാണ് സംവരണമെന്ന് വ്യക്തമായി വിജ്ഞാപനത്തില്‍ പറയും. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഈ പതിവില്ല. അപേക്ഷകള്‍ ലഭിച്ച ശേഷം, സംവരണ വിഭാഗക്കാരില്ലാത്ത വിഷയങ്ങള്‍ സംവരണ പട്ടികയിലേക്ക് മാറ്റും. ഇത്തരത്തില്‍ സംവരണ വിഭാഗക്കാരെ ഒഴിവാക്കും. ധാരാളം അപേക്ഷകരുള്ള വിഷയങ്ങള്‍ ഓപ്പണ്‍ വിഭാഗവുമാക്കി മാറ്റും. ഇതുവഴി രണ്ടു മെച്ചമുണ്ട്. ഒന്ന്, സ്വന്തക്കാരെ നിയമിക്കാം. രണ്ട്, സ്വന്തക്കാരില്ലെങ്കില്‍ വന്‍തുക വാങ്ങി നിയമനമാവാം. അപ്പോഴും, സംവരണ വിഭാഗക്കാര്‍ പുറത്തു തന്നെ.

സംവരണ നഷ്ടക്കണക്ക്

 വിശ്വകര്‍മ്മ - 8

 മുസ്ലിം - 7

 നാടാര്‍ - 5

 ഈഴവ \ തിയ്യ - 4

 അംഗപരിമിതര്‍ - 4

 ധീവര - 3

 മറ്റ് ക്രിസ്ത്യന്‍ -2

 എസ് സി \ എസ് ടി - 1