ബി​.ജെ.പി​ ആദ്യഘട്ട ലിസ്റ്റിന് ഇന്ന് രൂപം നല്‍കും

ബി​.ജെ.പി​ ആദ്യഘട്ട ലിസ്റ്റിന് ഇന്ന് രൂപം നല്‍കും

കൊച്ചി: പ്രധാനമന്ത്രി​ നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തി​ന് പിന്നാലെ, കേരള തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പങ്കെടുക്കുന്ന നിര്‍ണ്ണായക ബി​.ജെ.പി​ യോഗം ഇന്ന് തൃശൂരില്‍ നടക്കും.

കേരളത്തില്‍ ബി.ജെ.പി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 40 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റിന് ഇന്ന് അന്തിമ രൂപം നല്‍കുമെന്നറിയുന്നു. എന്‍.ഡി.എ ഘടക കക്ഷികളുടെ സീറ്റുകളെക്കുറി​ച്ചും ധാരണയിലെത്തും. തുടര്‍ന്ന് കേന്ദ്ര നേതൃത്വമാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേരള തിരഞ്ഞെടുപ്പ് ചുമതലയുള്ള സഹപ്രഭാരിയും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡോ.സി.എന്‍.അശ്വത്ത്നാരായണ്‍ എന്നിവരും യോഗത്തി​ല്‍ പങ്കെടുക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ പ്രഭാരിമാരായ സി.പി.രാധാകൃഷ്ണന്‍, കര്‍ണ്ണാടക നിയമസഭ ചീഫ് വിപ്പ് വി.സുനില്‍കുമാര്‍ എന്നിവരുടെ യോഗമാണ് ആദ്യം നടക്കുക. പാലക്കാട് മേഖലയിലെ (പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം) മണ്ഡലം തിരഞ്ഞെടുപ്പ് ചുമതലയുള്ളവരും മുഴുവന്‍ സമയ പ്രവര്‍ത്തകരും (വിസ്താരക്) പങ്കെടുക്കുന്ന യോഗം തുടര്‍ന്ന് നടക്കും. കഴിഞ്ഞ ദിവസം കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. മണ്ഡലങ്ങളിലെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം വിലയിരുത്തും. സംസ്ഥാന പ്രസി​ഡന്റ് കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ തയ്യാറെടുപ്പുകളും ചര്‍ച്ചാവി​ഷയമാകും.