സംഭവത്തിൽ ദുരൂഹത; ഫ്ളാറ്റുടമ മുൻപും പ്രതി: വനിതാ കമ്മീഷൻ

കൊച്ചി: ഫ്ലാറ്റിൽ നിന്നും വീട്ടുജോലിക്കാരി വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ.ഫ്ളാറ്റ് ഉടമ ഇതിനുമുമ്പ് 14 വയസ്സുള്ള കുട്ടിയെ വീട്ടിൽ നിർത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണെന്നും അന്ന് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത് എന്നും അവർ പറഞ്ഞു.സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്നലെ അപകടം നടന്ന ഫ്ലാറ്റ് സന്ദർശിക്കവേയായിരുന്നു പ്രതികരണം.കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈനും  അംഗം അഡ്വക്കേറ്റ് ഷിജി ശിവജിയും ഫ്ലാറ്റിന്‍റെ കെയർടേക്കറിൽ നിന്നും തെളിവെടുത്തു.തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തി കമ്മീഷൻ നടപടി വിലയിരുത്തി.

ഫ്ളാറ്റ് ഉടമ ഇമ്തിയാസ്  മുഹമ്മദിനെ പോലീസ് ചോദ്യം ചെയ്യും. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ  ആറാം നിലയിൽ നിന്നാണ് ഈ മാസം നാലിന് സേലം സ്വദേശിയായ കുമാരി (55)വീണത്.ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസം കുമാരി മരിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് സാധിച്ചിരുന്നില്ല.ഇമ്തീയാസ്  സ്ഥലത്തില്ലെന്ന  വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഇയാളും കുടുംബവും മാറിനിൽക്കുകയാണെന്ന  സംശയത്തിലാണ് പോലീസ്.

അസ്വാഭാവിക മരണം നടന്ന സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് സാധ്യത.കുമാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.കമ്മീഷൻ കേസ് അന്വേഷണ ചുമതലയുള്ള എറണാകുളം സെൻട്രൽ സി.ഐയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.