ഒ.എൻ.വി.പുരസ്കാരം എം.ലീലാവതിക്കു സമർപ്പിച്ചു,നിരൂപണ രംഗത്ത് ലീലാവതി ടീച്ചറിൻ്റേത് സമാനതകളില്ലാത്ത വ്യക്തിത്വം: മുഖ്യമന്ത്രി
എറണാകുളം: നാലാമത് ഒ എൻ വി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്കു സമർപ്പിച്ചു. കളമശ്ശേരിയിലെ ലീലാവതി ടീച്ചറിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ഒ എൻ വി ക ൾച്ചറൽ അക്കാദമി പ്രസിഡൻ്റ് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പൊതു നിരൂപണ രംഗത്തു തന്നെ കുലപർവത സമാനമായ വ്യക്തിത്വമാണ് ലീലാവതി ടീച്ചറിൻ്റേതെന്നു മുഖ്യമന്ത്രി പറഞ്ഞു.
നിരൂപണ രംഗത്ത് സ്ത്രീ സാന്നിധ്യം അധികമില്ല. ഉള്ളവർ പൊതുവെ മിന്നിപ്പൊലിഞ്ഞു മായുകയാണ്. ലീലാവതി ടീച്ചർ ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നിൽക്കുന്നു. ഒരു ഏകാന്ത ദ്വീപു പോലെ എന്നു പറയാം. സമാനമായ തെന്നു പറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടീച്ചർ ഈ സ്ഥാനം നേടിയത് സ്ത്രീയെന്ന പ്രത്യേക പരിഗണനയിലൂടെയല്ല. അതി പ്രഗത്ഭരായ പുരുഷ കേസരികളോട് മത്സരിച്ചു തന്നെയാണ്. അവർക്കിടയിൽ സ്വന്തമായൊരു കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു അവർ. അതാകട്ടെ പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണ്. ടീച്ചർ നമുക്ക് തന്നത് മലയാള കവിതാ സാഹിത്യ ചരിത്രം തന്നെയാണ്. പുതിയ തലമുറയെ ടീച്ചർ സാഹിത്യ ആസ്വാദനത്തിൻ്റെ പുതിയ ചക്രവാളത്തിലേക്ക് നയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാലത്തിനു നേർക്ക് കണ്ണടച്ചിരുന്നു കൊണ്ട് സാഹിത്യമെഴുതിയ കവിയല്ല ഒ എൻ വി. കുറുപ്പെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സമൂഹത്തിലെ ജ്വലിക്കുന്ന, പൊള്ളിക്കുന്ന സത്യങ്ങളെ അദ്ദേഹം സാഹിത്യത്തിൽ പ്രതിഫലിപ്പിച്ചു. കെട്ട കാലത്തെ പ്പറ്റിയുള്ള സാഹിത്യ കൃതികൾ ഇന്ത്യയിൽ ഉണ്ടാകേണ്ട കാലമാണിത്. നിഷ്പക്ഷ നിരീക്ഷകരായി ഇരുന്നു കൂട എന്ന് സാഹിത്യകാരൻമാരോട് കാലം നിർദ്ദേശിക്കുന്ന ഒരു ചരിത്ര ഘട്ടവും ഇതാണ്. മത രാഷ്ട്രീയം രാഷ്ട്രത്തിനു മേൽ പിടിമുറുക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്കണ്ഠയിൽ നിന്ന് ഇന്ത്യയിലെ സാഹിത്യകാരന്മാർക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. ഒ.എൻ.വി ഒരിക്കലും തൻ്റെ കാലത്തെ ജ്വലിക്കുന്ന സംഭവങ്ങളിൽ നിന്നും പുറം തിരിഞ്ഞു നടന്ന ആളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കു ലഭിച്ച പുരസ്കാരം അന്തി ചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമാണെന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം ലീലാവതി ടീച്ചർ അഭിപ്രായപ്പെട്ടു. വയസുകാലത്ത് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാൾ താഴെ പ്രായമുള്ളവരുടെ പുരസ്കാരം എന്നു പറയുന്നത് ദീർഘായുസിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി ടീച്ചർ പറഞ്ഞു.
ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. അക്കാദമി ഉപദേശക സമിതി ചെയർമാൻ ജി.രാജ് മോഹൻ പ്രശസ്തിപത്ര പാരായണം നടത്തി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു , ഒ എൻ വി കൾച്ചറൽ അക്കാദമി സെക്രട്ടറി എം.ബി.സനിൽ കുമാർ , ഒ എൻ.വി.കുറുപ്പിൻ്റെ മകൻ ഒ.എൻ.വി. രാജീവ്, മകൾ ഡോ.മായ, മരുമകൾ ദേവിക എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments (0)