കെ.എസ്.ആര്‍.ടി.സി: 100 കോടിയുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ 100 കോടി രൂപ ചെലവഴിച്ചതിനു കണക്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണം വരുന്നു. കൃത്യമായി കണക്ക് സൂക്ഷിക്കാതെ നടന്ന ഇടപാടുകള്‍ക്കു പിന്നില്‍ സാമ്ബത്തിക ക്രമക്കേട് സംശയിക്കുന്നതായി ധനകാര്യ അഡീഷണല്‍ സെക്രട്ടറി ഏറെ മുമ്ബു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോഴാണ് നടപടി ആരംഭിക്കുന്നത്.
എം.ഡി. ബിജു പ്രഭാകര്‍ ഇക്കാര്യം വെളിപ്പെടുത്തിയതിനു പിന്നാലെ, ക്രമക്കേട് നടന്ന കാലയളവില്‍ അക്കൗണ്ട്‌സ് മാനേജരായിരുന്ന കെ.എം. ശ്രീകുമാറിനെ സ്‌ഥലംമാറ്റിയെങ്കിലും ഉത്തരവില്‍ ഇതേപ്പറ്റി പരാമര്‍ശമില്ല. ചീഫ് ഓഫീസിലെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറുടെ ചുമതലയില്‍നിന്ന് സെന്‍ട്രല്‍ സോണിലെ (എറണാകുളം) ഭരണവിഭാഗത്തിലേക്കാണു ശ്രീകുമാറിന്റെ മാറ്റം.
ശ്രീകുമാറിനു പുറമേ ശ്രീദേവിയമ്മ, ചീഫ് അക്കൗണ്ട്‌സ് മാനേജര്‍ തസ്‌തികയില്‍നിന്നു വിരമിച്ച ജെ. വിജയമോഹന്‍, ആര്‍. സുധാകരന്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടായേക്കും. ഇവര്‍ക്കെതിരേ ആഭ്യന്തര തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ധനകാര്യ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്. ശ്രീകുമാറില്‍നിന്നു വിശദീകരണം വാങ്ങിയശേഷം കേസ് വിജിലന്‍സിനു കൈമാറും.
2010-11, 11-12, 12-13 വര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് കോടികളുടെ തിരിമറി പുറത്തായത്. 100.75 കോടി രൂപയുടെ കുറവാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തുക 400 കോടിക്കടുത്ത് വരുമെന്നും സൂചനകളുണ്ട്. കാഷ് ബുക്കില്‍ കൃത്യമായി കണക്ക് രേഖപ്പെടുത്താതെ കോടികള്‍ കൈകാര്യം ചെയ്‌തത് ഗുരുതരമായ കൃത്യവിലോപമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ധനകാര്യ അഡീഷണല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തിരുന്നു.
2010 മുതല്‍ ചീഫ് ഓഫീസില്‍നിന്ന് വിവിധ യൂണിറ്റുകള്‍ക്ക് നല്‍കുന്ന പണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വരവുചെലവുകള്‍ കൃത്യമായി എഴുതി സൂക്ഷിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കണക്കില്‍ വ്യത്യാസം വന്ന തുക സസ്‌പെന്‍സ് എന്ന ഹെഡില്‍ എഴുതി മാറ്റുകയായിരുന്നു. പണം കൈമാറുമ്ബോള്‍ പാലിക്കേണ്ട അടിസ്‌ഥാന കാര്യങ്ങള്‍പോലും പാലിക്കാതിരുന്നത് സാമ്ബത്തിക ക്രമക്കേട് മറയ്‌ക്കാനാണോ എന്ന് സംശയിക്കുന്നു. ക്രമക്കേട് കണ്ടുപിടിക്കാന്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു.



Author Coverstory


Comments (0)