മലബാര്‍ എക്‌സ്പ്രസിന്റെ ലഗേജ്‌വാനില്‍ തീപിടിത്തം
തിരുവനന്തപുരം/വര്‍ക്കല: മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസിന്റെ ലഗേജ് വാനില്‍ തീപിടിച്ചു. ദുരന്തമുണ്ടാകുന്നതിനു മുമ്ബ് തീ കെടുത്താനായി. ഇന്നലെ രാവിലെയാണു സംഭവം. അട്ടിമറിയില്ലെന്ന പ്രാഥമിക വിലയിരുത്തല്‍.
ഇടവ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തുവച്ചാണ് ലഗേജ് ബോഗിയില്‍നിന്നു പുകയുയരുന്നതു യാത്രക്കാര്‍ കണ്ടത്. ഉടന്‍ ചങ്ങല വലിച്ചെങ്കിലും ഇടവ സ്‌റ്റേഷനടുത്തു വന്നാണ് ട്രെയിന്‍ നിന്നത്. തീകെടുത്താനും രക്ഷാപ്രവര്‍ത്തനത്തിനുമായി നാട്ടുകാര്‍ ഓടിയെത്തി.
തീ പടര്‍ന്ന ലഗേജ് വാന്‍ വേര്‍പെടുത്തി വലിയ അഗ്നിബാധയ്‌ക്കുള്ള സാധ്യത ഒഴിവാക്കി. ഇതിനിടെ വര്‍ക്കലയില്‍നിന്നും പരവൂരില്‍നിന്നും അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു.
തുടര്‍ന്ന് ട്രെയിന്‍ തിരുവനന്തപുരത്തേക്കു യാത്ര തുടര്‍ന്നു.ബോഗിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളിലാണു തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം. രണ്ടു ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇവ തമ്മിലുരസിയാണു തീയുണ്ടായതെന്നു സംശയിക്കുന്നു. ലഗേജ് വാനില്‍ കയറ്റുന്ന വാഹനങ്ങളില്‍നിന്നു പെട്രോള്‍ പൂര്‍ണമായും നീക്കണമെന്ന നിയമം പാലിക്കപ്പെട്ടില്ലെന്നും കരുതുന്നു.തുടര്‍ന്ന്, കാസര്‍ഗോട്ടുനിന്നു ബൈക്കുകള്‍ ട്രെയിനില്‍ കയറ്റിയതിന്റെ ചുമതലയുള്ള ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. റെയില്‍വേയുടെ ഏജന്‍സികള്‍ വിപുലമായ അന്വേഷണം നടത്തും.
Comments (0)